ബെർലിൻ: യൂറോപ്പിലെ സമ്പദ്‌വ്യവസ്ഥയിൽ രാഷ്ട്രീയ അരാജകത്വത്തിനിടയാക്കി ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് ധനമന്ത്രി ക്രിസ്റ്റ്യൻ ലിൻഡ്നറെ പുറത്താക്കി. ട്രംപിന്റെ വിജയത്തിനു പിന്നാലെയാണ് ഒലാഫ് ഷോൾസിന്റെ നടപടി. ബജറ്റ് തർക്കങ്ങളിൽ തടസ്സമുണ്ടാക്കിയ പെരുമാറ്റത്തിനാണ് ധനമന്ത്രി ലിൻഡ്നറെ പുറത്താക്കിയതെന്ന് ഷോൾസ് പറഞ്ഞു.
ഷോൾസ് തന്റെ സോഷ്യൽ ഡെമോക്രാറ്റ് ആന്‍റ് ഗ്രീൻസ് പാർട്ടിയുടെ നേതൃത്വത്തിൽ ന്യൂനപക്ഷ സർക്കാരിനെ നയിക്കുമെന്നാണ് കരുതുന്നത്. എന്നാൽ, നിയമനിർമാണം നടത്താൻ അദ്ദേഹത്തിന് പാർലമെന്‍റിലെ ഭൂരിപക്ഷത്തെ ആശ്രയിക്കേണ്ടി വരും. ജനുവരി 15ന്പാർലമെന്‍റിൽ വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഷോൾസ് തീരുമാനിച്ചു. അതിൽ പരാജയപ്പെട്ടാൽ മാർച്ച് അവസാനത്തോടെ രാജ്യത്ത് പുതിയ തിരഞ്ഞെടുപ്പ് നടക്കും.
Also Read: ‘2024 കൂടുതൽ ചൂടേറിയ വർഷമായിരിക്കും’: യൂറോപ്യൻ കാലാവസ്ഥാ ഏജൻസി
ബജറ്റ് നയത്തെയും ജർമനിയുടെ സാമ്പത്തിക ദിശയെയും കുറിച്ച് മാസങ്ങൾ നീണ്ട തർക്കം നടന്നിരുന്നു. ഇതിലൂടെ സർക്കാരിന്റെ ജനപ്രീതി കുറയുകയും തീവ്ര വലതുപക്ഷ-ഇടതുപക്ഷ ശക്തികൾ ഉയർന്നുവരികയും ചെയ്യുന്നതിനിടെയാണ് ധനമന്ത്രിയെ പുറത്താക്കിയത്.
2022ലെ യുക്രെയ്ൻ അധിനിവേശത്തിനുശേഷം റഷ്യയിൽ നിന്നുള്ള വിലകുറഞ്ഞ ഇന്ധനം നിലച്ചിരുന്നു. ഇത് യൂറോപ്പിനെ പ്രതിസന്ധിയിലാക്കി. ജർമനിയെ എങ്ങനെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാമെന്നതിനെച്ചൊല്ലി ഭരണസഖ്യം ഇപ്പോഴും ഭിന്നതയിലാണ്. അതിനിടെയാണ് ധനമന്ത്രിയെ പുറത്താക്കിയ പുതിയ സംഭവവികാസങ്ങൾ.