ചെന്നൈ: തിരുച്ചിറപ്പിള്ളിയില്‍ നിന്ന് ഷര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സുരക്ഷിതമായി ലാന്‍ഡിങ് നടത്തിയ സംഭവത്തില്‍ പ്രതികരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. സംഭവം അറിഞ്ഞയുടന്‍തന്നെ വിവിധ വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് വേണ്ട കാര്യങ്ങള്‍ ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു. വിമാനത്തിന്റെ പൈലറ്റിനെയും ക്രൂ അംഗങ്ങളേയും അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയുംചെയ്തു അദ്ദേഹം.
‘ലാന്‍ഡിംഗ് ഗിയര്‍ പ്രശ്നത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ലഭിച്ചയുടന്‍തന്നെ ഉദ്യോഗസ്ഥരുമായി ഫോണില്‍ ഒരു അടിയന്തര യോഗം വിളിക്കുകയും ഫയര്‍ എഞ്ചിനുകള്‍, ആംബുലന്‍സുകള്‍, വൈദ്യസഹായം എന്നിവ വിന്യസിക്കുന്നത് ഉള്‍പ്പെടെ ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും നടപ്പിലാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
എല്ലാ യാത്രക്കാരുടെയും തുടര്‍ സുരക്ഷ ഉറപ്പാക്കാനും തുടര്‍ സഹായം നല്‍കാനും ഇപ്പോള്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷിതമായ ലാന്‍ഡിംഗിന് ക്യാപ്റ്റനും സംഘത്തിനും എന്റെ അഭിനന്ദനങ്ങള്‍’ സ്റ്റാലിന്‍ ഔദ്യോഗിക എക്‌സ് പേജില്‍ കുറിച്ചു.
141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ട്രിച്ചിയില്‍നിന്ന് വൈകീട്ട് 5.40 ന് പുറപ്പെട്ട് ഷാര്‍ജയില്‍ രാത്രി എട്ടരയോടെ എത്തിച്ചേരേണ്ട വിമാനമായിരുന്നു ഇത്. ഏറെ ആശങ്കകള്‍ക്കൊടുവില്‍ രാത്രി എട്ടേ പത്തോടെയാണ് വിമാനം സുരക്ഷിതമായി ട്രിച്ചി വിമാനത്താവളത്തില്‍ ഇറക്കിയത്.