സംസ്ഥാനത്തേക്ക് നിക്ഷേപം ആകര്‍ഷിക്കാന്‍ യുഎസ് സന്ദര്‍ശനവുമായി സ്റ്റാലിന്‍

യുഎസ് യാത്രയില്‍ സ്റ്റാലിന്‍ മൈക്രോചിപ്പ്, നോക്കിയ, പേപാല്‍ എന്നിവയുള്‍പ്പെടെ നിരവധി കമ്പനികളുമായി കരാറില്‍ ഒപ്പുവച്ചു

സംസ്ഥാനത്തേക്ക് നിക്ഷേപം ആകര്‍ഷിക്കാന്‍ യുഎസ് സന്ദര്‍ശനവുമായി സ്റ്റാലിന്‍
സംസ്ഥാനത്തേക്ക് നിക്ഷേപം ആകര്‍ഷിക്കാന്‍ യുഎസ് സന്ദര്‍ശനവുമായി സ്റ്റാലിന്‍

ചെന്നൈ: സംസ്ഥാനത്തേക്ക് നിക്ഷേപം ആകര്‍ഷിക്കാന്‍ യുഎസ് സന്ദര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന യുഎസ് യാത്രയില്‍ സ്റ്റാലിന്‍ മൈക്രോചിപ്പ്, നോക്കിയ, പേപാല്‍ എന്നിവയുള്‍പ്പെടെ നിരവധി കമ്പനികളുമായി കരാറില്‍ ഒപ്പുവച്ചു. ചെന്നൈയിലെ സെമ്മഞ്ചേരിയില്‍ അര്‍ധചാലക സാങ്കേതിക വിദ്യയില്‍ ഗവേഷണ-വികസന കേന്ദ്രത്തിനായി മൈക്രോചിപ് പ്രതിനിധികളായ പാട്രിക് ജോണ്‍സണും ബ്രൂസ് വെയറും മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രി ടി ആര്‍ ബി രാജയുടെയും സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പുവച്ചു. 250 കോടി രൂപ പദ്ധതി 1500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചെങ്കല്‍പട്ടിലെ സിരുശേരിയില്‍ 450 കോടിയുടെ പദ്ധതിക്കായി നോക്കിയയുമായും കരാര്‍ ഒപ്പിട്ടു. 2030-ഓടെ സംസ്ഥാനത്തെ ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി മാറ്റുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സ്റ്റാലിനും ഉന്നതതല ഉദ്യോഗസ്ഥ സംഘവും യുഎസില്‍ സന്ദര്‍ശനം നടത്തുന്നത്. വ്യാഴാഴ്ച സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിക്ഷേപകരുമായി നടത്തിയ കൂടിക്കാഴ്ചയിലും സ്റ്റാലിന്‍ പങ്കെടുത്തു. അപ്ലൈഡ് മെറ്റീരിയല്‍ എഐ എനേബിള്‍ഡ് ടെക്നോളജി ഡെവലപ്മെന്റ് സെന്റര്‍ ചെന്നൈയിലെ തരമണിയില്‍ സ്ഥാപിക്കാനും കരാര്‍ ഒപ്പിട്ടു.

Also Read: ‘തമിഴ് ടിവി ഷോ മേഖലയിലും ലൈംഗികോപദ്രവങ്ങൾ നടക്കുന്നുണ്ട്’:കുട്ടി പത്മിനി

ഇലക്ട്രോലൈസര്‍ നിര്‍മാണത്തിനും ഹൈഡ്രജന്‍ സൊല്യൂഷന്‍ സംവിധാനങ്ങള്‍ക്കുമുള്ള ഘടകങ്ങളുടെ നിര്‍മാണത്തിനായി ഓമിയയുമായും കരാര്‍ ഒപ്പിട്ടു. ഗീക്ക് മൈന്‍ഡ്സുമായും ഇന്‍ഫിനിക്‌സുമായും യീല്‍ഡ് എഞ്ചിനീയറിംഗ് സിസ്റ്റവുമായും സര്‍ക്കാര്‍ കരാറില്‍ ഒപ്പുവച്ചു. ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി തമിഴ് സമൂഹത്തെ അഭിസംബോധന ചെയ്യുകയും സെപ്റ്റംബര്‍ 2 ന് ചിക്കാഗോയില്‍ യുഎസ് ആസ്ഥാനമായുള്ള കമ്പനികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും ചെയ്യും. യാത്രയ്ക്കിടെ ഫോര്‍ച്യൂണ്‍ 500 കമ്പനികളുടെ സിഇഒമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സെപ്തംബര്‍ 14ന് അദ്ദേഹം ചെന്നൈയിലേക്ക് തിരിക്കും.

Top