ആലപ്പുഴ: ആലപ്പുഴയിലെ മാവേലിക്കരയിലും തിരുവനന്തപുരത്തെ കിളിമാനൂരിലും ചാരായ വേട്ട. താമരക്കുളത്ത് 20 ലിറ്റർ ചാരായവും 300 ലിറ്റർ കോടയും പിടിച്ചെടുത്തു. താമരക്കുളം സ്വദേശി മോഹനനെ അറസ്റ്റ് ചെയ്തു. നൂറനാട് എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) എൻസതീശനും സംഘവും ചേർന്നാണ് പരിശോധന നടത്തിയത്.കിളിമാനൂരിൽ നാല് ലിറ്റർ ചാരായവു൦ 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളു൦ പിടിച്ചെടുത്തു. പുളിമാത്ത് സ്വദേശിയായ രാജീവിന്റെ വീട്ടിൽ നിന്നുമാണ് ചാരായവും കോടയും പിടികൂടിയത്. ഇയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദീപക്.ബി യുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്
അതിനിടെ തിരുവനന്തപുരത്ത് കേരള എക്സൈസ് മൊബൈൽ ഇന്‍റർവെൻഷൻ യൂണിറ്റ് നടത്തിയ വാഹന പരിശോധനയിൽ 10 ലിറ്റർ ചാരായവുമായി ഒരാളെ അറസ്റ്റ് ചെയ്തെന്ന് എക്സൈസ് അറിയിച്ചു. കള്ളിക്കാട് സ്വദേശി സത്യനേശനാണ് അറസ്റ്റിലായത്. കേരള എക്സൈസ് മൊബൈൽ ഇന്‍റർവെൻഷൻ യൂണിറ്റ് പ്രിവന്‍റീവ് ഓഫീസർ പി ബി ഷാജുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ വിജേഷ് വി, പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) എം വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്ത് കെ ആർ, പ്രശാന്ത് ലാൽ എസ്, രാജീവ് ആർ, ഹരിപ്രസാദ് എസ് എന്നിവരാണ് ഉണ്ടായിരുന്നത്.
Also Read:നിരവധി മോഷണ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടന്ന പരിശോധനയിൽ ആലപ്പുഴയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 204 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി രഘുവിനെ അറസ്റ്റ് ചെയ്തെന്ന് എക്സൈസ് അറിയിച്ചു. ഹരിപ്പാട് എക്സൈസ് സർക്കിളും ആലപ്പുഴ എക്സൈസ് ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന 204 കുപ്പി മദ്യശേഖരം പിടികൂടിയത്.