തിരുവന്തപുരം: 50, 100 രൂപ മുദ്രപത്രങ്ങള്‍ക്കുള്ള കടുത്ത ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. ഹര്‍ജിയില്‍ ട്രഷറി ഡയറക്ടറും ട്രഷറി വകുപ്പ് സെക്രട്ടറിയും രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണം. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. മുദ്രപത്രങ്ങള്‍ക്കുള്ള ക്ഷാമം കാരണം അധിക മൂല്യമുള്ള മുദ്രപത്രങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നാണ് പ്രധാന ആക്ഷേപം.
മുദ്രപത്രങ്ങള്‍ അച്ചടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആറ് മാസത്തിലധികമായി നിര്‍ദ്ദേശം നല്‍കിയിട്ടില്ല. പകരം ലഭ്യമാക്കുമെന്ന് അറിയിച്ച ഇ – സ്റ്റാമ്പ് പേപ്പറുകള്‍ നല്‍കാന്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. 20, 50, 100 രൂപ വിലയുള്ള മുദ്രപത്രങ്ങളും ഇലക്ട്രോണിക് രീതിയില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആണ് ആവശ്യം. ഹര്‍ജിക്കാരനായ അഭിഭാഷകന്‍ പി ജ്യോതിഷിന് വേണ്ടി അഡ്വക്കറ്റ് എംജി ശ്രീജിത്ത് ആണ് പൊതുതാല്‍പര്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
രാജ്യത്ത് ഇ സ്റ്റാമ്പിങ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുദ്രപത്രം അച്ചടി നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. പ്രതിസന്ധി പരിഹരിക്കാന്‍ പൂർണമായും ഇ സ്റ്റാമ്പിങ്ങിലേക്ക് മാറണം. ഇതിന്റെ ഭാഗമായി ഭൂരിഭാഗം വെണ്ടര്‍മാര്‍ക്കും സര്‍ക്കാര്‍ പരിശീലനം നല്‍കിയിട്ടുണ്ടെങ്കിലും പക്ഷെ ഇ സ്റ്റാമ്പിങ്ങ് സോഫ്റ്റ്‌വെയർ ഇപ്പോഴും പൂര്‍ണ്ണ സജ്ജമല്ല. ഇത്തരത്തിൽ മുദ്രപത്രം ക്ഷാമം കാരണം ഉടമ്പടികള്‍ തടസ്സപ്പെടുമ്പോഴും പകരം സംവിധാനം ഒരുക്കാതെ ഇരുട്ടില്‍ തപ്പുകയാണ് സര്‍ക്കാര്‍. അതേസമയം ഉടന്‍ ഇ സ്റ്റാമ്പിങ്ങിലേക്ക് മാറി പ്രതിസന്ധി പരിഹരിക്കുമെന്ന പതിവ് പല്ലവിയാണ് ട്രഷറി ഡയറക്റ്ററേറ്റിന്റെ മറുപടി.