വാഷിങ്ടണ്‍: ആഗോളതലത്തിലെ വില്‍പനയില്‍ ഇടിവ് നേരിട്ട് സ്റ്റാര്‍ബക്‌സ്. ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കിടെ ഇത് മൂന്നാം തവണയാണ് കമ്പനിയുടെ ലാഭത്തില്‍ ഇടിവ് ഉണ്ടാകുന്നത്. ഇസ്രയേൽ അനുകൂല നിലപാടിന്റെ പേരിലാണ്
സ്റ്റാര്‍ബക്‌സ് ബഹിഷ്‌കരണം നേരിടുന്നത്.നിലവില്‍ ആഗോളവില്‍പനയില്‍ ഏഴ് ശതമാനം ഇടിവാണ് സ്റ്റാര്‍ബക്സ് നേരിട്ടത്. 2024 ജൂലൈ മുതല്‍ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് ഈ ഇടിവുണ്ടായിരിക്കുന്നത്.
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ രണ്ട് ശതമാനവും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ മൂന്ന് ശതമാനവും സ്റ്റാര്‍ബക്‌സ് ഇടിവ് നേരിട്ടിരുന്നു. വില്‍പനയിലെ ഇടിവ് സ്റ്റാര്‍ബക്സ് ഓഹരികളെയും ബാധിച്ചതായാണ് റിപ്പോര്‍ട്ട്. കമ്പനിയിലെ നിക്ഷേപം വര്‍ധിച്ചിട്ടുണ്ടെങ്കിലും വില്‍പനയില്‍ ലാഭം കൊയ്യാന്‍ സ്റ്റാര്‍ബക്‌സിന് കഴിഞ്ഞിട്ടില്ലെന്നാണ് ചീഫ് ഫിനാന്‍സ് ഓഫീസര്‍ റേച്ചല്‍ റുഗ്ഗേരി അറിയിച്ചത്.
Also Read: വീണ്ടും ഉയർന്ന് സ്വർണവില
ഇടിവിനെ മറികടക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടിവ് നേരിട്ടതോടെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക പ്രവചനത്തില്‍ നിന്ന് സ്റ്റാര്‍ബക്‌സ് പിന്മാറി. പിന്നാലെ സ്റ്റാര്‍ബക്‌സിന് ഒരു അടിസ്ഥാന മാറ്റം ആവശ്യമാണെന്ന് ബ്രാന്‍ഡിന്റെ പുതിയ സി.ഇ.ഒ ബ്രയാന്‍ നിക്കോള്‍ പറഞ്ഞു.2023 ഒക്ടോബറിൽ സ്റ്റാര്‍ബക്‌സ് ജീവനക്കാരുടെ യൂണിയന്‍ പലസ്തീന് ഐക്യദാര്‍ഢ്യം അറിയിച്ചു കൊണ്ട് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു.
പിന്നാലെ തങ്ങളുടെ ട്രേഡ്മാര്‍ക്ക് ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് സ്റ്റാര്‍ബക്‌സ് ഇവർക്കെതിരെ നടപടിയെടുത്തു. എന്നാല്‍ തീവ്രവാദത്തെയും ഭീകരവാദത്തെയും അനുകൂലിക്കുന്നുവെന്ന തരത്തില്‍ തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് യൂണിയന്‍ നീക്കം ബ്രാന്‍ഡിനെ പ്രതിസന്ധിയിലാക്കി. തുടര്‍ന്ന് ലോകമെമ്പാടുമുള്ള ആളുകള്‍ സ്റ്റാര്‍ബക്‌സിനെ ബഹിഷ്‌കരിക്കുകയായിരുന്നു. നവംബറില്‍ സ്റ്റാര്‍ബക്‌സ് കേസ് പിന്‍വലിച്ചെങ്കിലും ബഹിഷ്‌കരണ പ്രചരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കമ്പനിക്ക് സാധിച്ചില്ല.