വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന ഇന്ത്യൻ വംശജ സുനിത വില്യംസിന്റെയും ബച്ച് വിൽമോറിന്റെയും മടങ്ങി വരവിന് ഇനിയും ആറ് മാസം കൂടി കാത്തിരിക്കണമെന്ന് നാസ. എന്നാൽ 2025 ഫെബ്രുവരിയിൽ ഇവരെ മടക്കിയെത്തിക്കാനാകുമെന്നാണ് കരുതുന്നത്.
അതേസമയം മടങ്ങി വരവിന് ഇരുവരെയും നിലയത്തിലെത്തിച്ച ബോയിംഗ് സ്റ്റാർലൈനർ പേടകമാണോ മറിച്ച് സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗൺ കാപ്‌സ്യൂളാണോ ഉപയോഗിക്കുക എന്ന് തീരുമാനിച്ചിട്ടില്ല. എന്നാൽ സ്റ്റാർലൈനർ സുരക്ഷിതമല്ലെങ്കിൽ ക്രൂ ഡ്രാഗണിൽ തിരിച്ചെത്തിക്കുമെന്ന് നാസ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു.
ഈ വർഷം ജൂൺ 5നാണ് സ്റ്റാർലൈനർ പേടകത്തിൽ സുനിതയും വിൽമോറും നിലയത്തിലേക്ക് തിരിച്ചത്. ആ മാസം തന്നെ ജൂൺ 13നായിരുന്നു ഇവർ തിരിച്ചെത്തേണ്ടിയിരുന്നത്. എന്നാൽ പേടകത്തിലെ ഹീലിയം ചോർച്ചയുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനകൾ മുൻനിറുത്തി നിലവിൽ മടക്കയാത്ര വൈകുകയാണ്.