‘ഏതൊരു കായികതാരത്തിനും മാതൃകയാക്കാവുന്ന ജീവിതമാണ് ശ്രീജേഷിന്റേത്’; മുഖ്യമന്ത്രി

അര്‍പ്പണ മനോഭാവവും കഠിനാദ്ധ്വാനവും ലക്ഷ്യബോധവുമാണ് ഒളിമ്പിക്‌സ് ഹോക്കിയില്‍ രണ്ടാം തവണയും വെങ്കല മെഡല്‍ നേട്ടം കൈവരിക്കാന്‍ശ്രീജേഷിന് പിന്‍ബലമായതെന്ന് മുഖ്യമന്ത്രി.

‘ഏതൊരു കായികതാരത്തിനും മാതൃകയാക്കാവുന്ന ജീവിതമാണ് ശ്രീജേഷിന്റേത്’; മുഖ്യമന്ത്രി
‘ഏതൊരു കായികതാരത്തിനും മാതൃകയാക്കാവുന്ന ജീവിതമാണ് ശ്രീജേഷിന്റേത്’; മുഖ്യമന്ത്രി

തിരുവനന്തപുരം: പാരിസ് ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേട്ടം കൈവരിച്ച മലയാളി താരം പി ആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീജേഷിന് 2 കോടി രൂപയുടെ പാരിതോഷികം സമ്മാനിച്ചു.

അര്‍പ്പണ മനോഭാവവും കഠിനാദ്ധ്വാനവും ലക്ഷ്യബോധവുമാണ് ഒളിമ്പിക്‌സ് ഹോക്കിയില്‍ രണ്ടാം തവണയും വെങ്കല മെഡല്‍ നേട്ടം കൈവരിക്കാന്‍ശ്രീജേഷിന് പിന്‍ബലമായതെന്ന് മുഖ്യമന്ത്രി. അക്കാര്യത്തില്‍ ഏതൊരു കായികതാരത്തിനും മാതൃകയാക്കാവുന്ന കായികജീവിതമാണ് ശ്രീജേഷിന്റേത്. പാരീസ് ഒളിമ്പിക്‌സിലെ പ്രകടനത്തിലൂടെയും മെഡല്‍ നേട്ടത്തിലൂടെയും കേരളത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്താനായതായും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ഹോക്കിയുടെ വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കാന്‍ ശ്രീജേഷിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കായിക രംഗത്തെ മികവ് കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടര്‍ തസ്തികയിലേക്ക് ശ്രീജേഷിനെ നിയമിച്ചത്. ശ്രീജേഷിന്റെ സേവനം ഏറ്റവും മികച്ച വിധത്തില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എണ്‍പതുകള്‍ വരെ എതിരാളികള്‍ ഇല്ലാത്ത മുന്നേറ്റമാണ് അന്താരാഷ്ട്ര ഹോക്കിയില്‍ ഇന്ത്യ നടത്തിയത്. പിന്നീട് പ്രതാപം മങ്ങിയ ഇന്ത്യന്‍ ഹോക്കി 2021 ലെ ടോക്കിയോ ഒളിമ്പിക്സിലൂടെ തിരിച്ചുവന്നു. പാരീസ് ഒളിമ്പിക്സിലെ മെഡല്‍ നേട്ടത്തിലൂടെ നമ്മുടെ കരുത്ത് ഒരിക്കല്‍ കൂടി തെളിയിക്കാന്‍ കഴിഞ്ഞു. ഈ തിരിച്ചുവരവില്‍ അതിനിര്‍ണായകമായ പങ്ക് വഹിച്ച വ്യക്തിയാണ് ശ്രീജേഷ് എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ടീം പ്രതിസന്ധിയിലായ അവസരങ്ങളില്‍ ഗംഭീര പ്രകടനങ്ങളിലൂടെ ടീമിനെ വിജയിപ്പിക്കാനും സഹതാരങ്ങള്‍ക്ക് പ്രചോദനമേകാനും ശ്രീജേഷിന് കഴിഞ്ഞു. ഇന്ത്യന്‍ ഹോക്കിയിലെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പറാണ് ശ്രീജേഷ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ശ്രീജേഷിനെ പോലുളള കായിക താരങ്ങള്‍ എല്ലാ കായിക ഇനങ്ങളിലും സൃഷ്ടിക്കപ്പെടണം. അവരിലൂടെ ഒളിമ്പിക്സ് മെഡല്‍ ഉള്‍പ്പെടെയുളള ഉയര്‍ന്ന ബഹുമതികള്‍ കൂടുതലായി സ്വന്തമാക്കാന്‍ കേരളത്തിനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read : ഐപിഎല്‍ മെഗാ ലേലം: മുംബൈ നിലനിര്‍ത്തുക 5 താരങ്ങളെ

മാനവീയം വീഥിയില്‍ നിന്ന് തുറന്ന ജീപ്പിലാണ് ശ്രീജേഷിനെ സ്റ്റേഡിയത്തിലേക്ക് ആനയിച്ചത്. പാരിസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തിലെ മുഹമ്മദ് അനസ്, എച്ച്.എസ് പ്രണോയ്, മുഹമ്മദ് അജ്മല്‍, അബ്ദുള്ള അബൂബക്കര്‍ എന്നീ 4 മലയാളി താരങ്ങള്‍ക്കും അത്‌ലറ്റിക്‌സ് ചീഫ് കോച്ച് പി രാധാകൃഷ്ണന്‍ നായര്‍ക്കും പ്രഖ്യാപിച്ച 5 ലക്ഷം രൂപ വീതം പാരിതോഷികം ചടങ്ങില്‍ സമ്മാനിച്ചു.

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളായ അഞ്ച് താരങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് സ്പോര്‍ട്സ് ഓര്‍ഗനൈസറായി നിയമിച്ചുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി വിതരണം ചെയ്തു. പിയു ചിത്ര, മുഹമ്മദ് അനസ്, വി കെ വിസ്മയ, വി നീന, കുഞ്ഞുമുഹമ്മദ് എന്നിവര്‍ക്കാണ് നിയമനം ലഭിച്ചത്.

Top