തിരുവനന്തപുരം: കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ സംബന്ധിച്ച പരിശീലനം എല്ലാവര്‍ക്കും നല്‍കുക എന്ന കര്‍മ്മപദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ഈ വര്‍ഷം ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഹൃദയസ്തംഭനം (കാര്‍ഡിയാക് അറസ്റ്റ്) അല്ലെങ്കില്‍ പെട്ടെന്ന് ബോധക്ഷയം സംഭവിക്കുന്ന വ്യക്തികളില്‍ നടത്തുന്ന ഒരു അടിയന്തിര പ്രഥമ ശുശ്രൂഷയാണ് സിപിആര്‍ എന്നറിയപ്പെടുന്ന കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ .
ഒരാൾ കുഴഞ്ഞുവീണാൽ നൽകാവുന്ന ജീവൻരക്ഷാ വിദ്യയാണ് കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ അഥവാ സിപിആർ. ശരിയായ രീതിയില്‍ സിപിആര്‍ നല്‍കി അടിയന്തരമായി ആശുപത്രിയിലെത്തിച്ചാല്‍ അവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിക്കും. സിപിആറിന്റെ പ്രാധാന്യം മുന്നില്‍ കണ്ടാണ് ആരോഗ്യ വകുപ്പ് ഒരു കര്‍മ്മപദ്ധതിയായി തന്നെ ഏറ്റെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ലോക ഹൃദയദിന സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Also Read: പുരി ജഗന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തി യുഎസ് അംബാസഡർ
എങ്ങനെയാണ് സിപിആർ നൽകേണ്ടത്?
ഒരാൾ കുഴഞ്ഞുവീഴുന്നത് കണ്ടാൽ ഉടൻ തന്നെ ആളുടെ ഹൃദയമിടിപ്പും നാഡിയിടിപ്പും പരിശോധിക്കണം. കഴുത്തിന് പിന്നിലുള്ള നാഡിയിടിപ്പ് പരിശോധിക്കുന്നതാണ് നല്ലത്. ഹൃദയത്തിന് ഏറ്റവും അടുത്ത ഭാഗമായതിനാൽ ശരിക്കും അബോധാവസ്ഥയിലാണോ എന്നും ശ്വസനത്തിന്റെ അളവും കൃത്യമായി മനസിലാക്കാൻ സാധിക്കും. ഈ വിലയിരുത്തലിന് പത്ത് സെക്കൻഡ് സമയം പോലും എടുക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ടത്. വയറിന്റെ ചലനവും ഹൃദയമിടിപ്പും നിലച്ചുവെന്ന് മനസ്സിലായാൽ ഒട്ടും സമയം കളയാതെ സിപിആർ നൽകണം.
ഹൃദയസ്തംഭനം സംഭവിച്ചയാളുടെ ജീവൻ ചികിത്സ കിട്ടുന്നത് വരെ താങ്ങി നിർത്തുക എന്ന ധർമമാണ് സിപിആറിനുള്ളത്. മിനിറ്റിൽ 100-120 തവണ എന്ന കണക്കിലാകണം നെഞ്ചിൽ ശക്തമായി അമർത്തേണ്ടത്. ഒരു കാരണവശാലും ഇത് പകുതിക്ക് വെച്ച് നിർത്തരുത്. ഹൃദയമിടിപ്പ് ലഭിക്കുന്നത് വരെ തുടരണം.