സപ്ലൈകോ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

സെപ്തംബര്‍ അഞ്ച് മുതല്‍ 14 വരെയാണ് ഓണം ഫെയറുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

സപ്ലൈകോ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
സപ്ലൈകോ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ സപ്ലൈകോ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരത്ത് കിഴക്കേകോട്ട ഇ കെ നായനാര്‍ പാര്‍ക്കിലാണ് ഇത്തവണത്തെ ഓണം സപ്ലൈക്കോ ഫെയര്‍ ഉദ്ഘാടനം ചെയ്യുക. ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി ആര്‍ അനിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ – തൊഴില്‍ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി ആദ്യവില്പന നടത്തും.

സെപ്തംബര്‍ അഞ്ച് മുതല്‍ 14 വരെയാണ് ഓണം ഫെയറുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാതല ഫെയറുകള്‍ സെപ്തംബര്‍ ആറ് മുതല്‍ 14 വരെ ജില്ലാ ആസ്ഥാനങ്ങളില്‍ പ്രത്യേക സൗകര്യങ്ങളോടെ സംഘടിപ്പിച്ചിട്ടുണ്ട്. 13 ഇനം സബ്‌സിഡി സാധനങ്ങള്‍ക്കു പുറമെ ശബരി ഉല്പന്നങ്ങള്‍, മറ്റ് എഫ് എം സി ജി ഉല്പന്നങ്ങള്‍, മില്‍മ ഉല്പന്നങ്ങള്‍, കൈത്തറി ഉല്പന്നങ്ങള്‍, പഴം, ജൈവപച്ചക്കറികള്‍ എന്നിവ മേളയില്‍ 10 മുതല്‍ 50% വരെ വിലക്കുറവില്‍ വില്പന നടത്തും.

ഇതിനു പുറമെ പ്രമുഖ ബ്രാന്റുകളുടെ 200 ല്‍ അധികം നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലക്കുറവ് നല്‍കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 255 രൂപയുടെ 6 ശബരി ഉല്പന്നങ്ങള്‍ 189 രൂപയ്ക്ക് നല്കുന്ന ശബരി സിഗ്‌നേച്ചര്‍ കിറ്റ് ഈ ഓണത്തിനോടനുബന്ധിച്ച് സപ്ലൈകോ അവതരിപ്പിക്കുന്നുണ്ട്.

ഓണം ഫെയറുകളിലും സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലും വിവിധ ബ്രാന്‍ഡുല്‍പ്പനങ്ങള്‍ നിലവില്‍ നല്കിവരുന്ന വിലക്കുറവിന് പുറമെ 10 ശതമാനം വരെ അധിക വിലക്കുറവ് നല്കുന്ന ഡീപ് ഡിസ്‌ക്കൗണ്ട് അവേഴ്‌സും പ്രമുഖ ബ്രാന്റഡ് ഉല്‍പന്നങ്ങള്‍ക്ക് ആകര്‍ഷകമായ കോമ്പോ ഓഫറുകള്‍, ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫറും എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ ലിവര്‍, ഐ ടി സി, ബ്രാഹ്‌മിന്‍സ്, നമ്പീശന്‍സ്, ഈസ്റ്റേണ്‍, സണ്‍ പ്ലസ്, എന്നീ കമ്പനികളുടെ ഉല്പന്നങ്ങള്‍ പ്രത്യേക വിലക്കിഴിവില്‍ മേളകളില്‍ വില്‍ക്കുന്നതാണ്.

Top