CMDRF

ജാതിവ്യവസ്ഥയെ അനുകൂലിച്ച് ആർഎസ്എസ് വാരികയിലെ മുഖപ്രസംഗം

ജാതിവ്യവസ്ഥയെ അനുകൂലിച്ച് ആർഎസ്എസ് വാരികയിലെ മുഖപ്രസംഗം
ജാതിവ്യവസ്ഥയെ അനുകൂലിച്ച് ആർഎസ്എസ് വാരികയിലെ മുഖപ്രസംഗം

മുംബൈ: ജാതിവ്യവസ്ഥയെ ന്യായീകരിച്ച് ആർഎസ്എസ് അനുകൂല വാരികയിലെ പ്രസ്താവന. ജാതിയാണ് ഇന്ത്യയെ ഒന്നിപ്പിച്ച് നിർത്തിയതെന്ന് പാഞ്ചജന്യത്തിലെ മുഖപ്രസംഗത്തിൽ പറയുന്നു. ‘‘ഇന്ത്യയിലെ വിവിധ വിഭാഗങ്ങളെ അവരുടെ തൊഴിലും പാരമ്പര്യവും അനുസരിച്ച് തരംതിരിച്ച ശേഷം ഒന്നിച്ചുനിർത്തുന്ന ഒരു ചങ്ങലയായിരുന്നു ജാതിവ്യവസ്ഥ. അധിനിവേശക്കാർ എന്നും ലക്ഷ്യമിട്ടത് ജാതിവ്യവസ്ഥയെയായിരുന്നു. മുഗളന്മാർ ജാതി വ്യവസ്ഥയെ നേരിട്ടത് വാളിന്റെ കരുത്താലാണ്.

ജാതി സെൻസസ് ഉയർത്തിക്കാട്ടിയുള്ള രാഹുലിന്റെ നീക്കം യാഥാർത്ഥ്യം തിരിച്ചറിയാതെ എന്നും ആർഎസ്എസ് കുറ്റപ്പെടുത്തി. രാഹുൽ ഈ വിഷയത്തെ നോക്കികാണുന്നത് ക്രിസ്ത്യൻ സഭകളുടെയും സാമ്രാജ്യത്ത്വത്തിൻറേയും കണ്ണിലൂടെയാണ്. ആർഎസ്എസ് മുഖപത്രമായ പാഞ്ചജന്യത്തിലെ എഡിറ്റോറിയൽ വിവാദമാകുന്നു.

സേവനവും പരിഷ്കരണവും ഉപയോഗിച്ചാണ് മിഷണറിമാർ ജാതി വ്യവസ്ഥയെ നേരിട്ടത്. ഇന്ത്യയെയോ അതിന്റെ ആത്മാഭിമാനത്തെയോ തകർക്കണമെങ്കിൽ ആദ്യം ജാതിവ്യവസ്ഥയെ തടസ്സമെന്നോ, ചങ്ങലയെന്നോ വിളിച്ച് അതിന്റെ ഏകീകൃതഘടകത്തെ തകർക്കണമെന്ന് അവർ മനസ്സിലാക്കി. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടിഷുകാരുടെ തന്ത്രം ജാതിവ്യവസ്ഥയെ മനസ്സിലാക്കിയ മിഷണറിമാരിൽ നിന്ന് കടംകൊണ്ടാണ്.’’– മുഖപ്രസംഗത്തിൽ പറയുന്നു.

ഹിന്ദുജീവിതം ജാതിയെ ചുറ്റിപ്പറ്റിയാണെന്നും മതപരിവർത്തനത്തിനുള്ള വഴിയായാണ് മിഷണറിമാർ ജാതിയെ കണ്ടതെങ്കിൽ കോൺഗ്രസ് അതിനെ ഹിന്ദു ഐക്യത്തിലെ വിള്ളലായാണ് കാണുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നുണ്ട്. ബ്രിട്ടിഷുകാരുടെ മാതൃക പിന്തുടർന്ന് ജാതിയുടെ അടിസ്ഥാനത്തിൽ ലോക്‌സഭാ സീറ്റുകൾ വിഭജിച്ച് രാജ്യത്ത് ഭിന്നത സൃഷ്ടിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. അതിനുവേണ്ടിയാണ് അവർ ജാതി സെൻസസ് ആവശ്യപ്പെടുന്നതെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്.

Top