സേവനാവകാശ നിയമത്തില്‍ സംസ്ഥാനത്തെ ആദ്യ ശിക്ഷ ഡിവൈഎസ്പിക്ക്

സേവനാവകാശ നിയമത്തില്‍ സംസ്ഥാനത്തെ ആദ്യ ശിക്ഷ ഡിവൈഎസ്പിക്ക്
സേവനാവകാശ നിയമത്തില്‍ സംസ്ഥാനത്തെ ആദ്യ ശിക്ഷ ഡിവൈഎസ്പിക്ക്

തിരുവനന്തപുരം: 12 വര്‍ഷം മുമ്പ് കേരളപ്പിറവി ദിനത്തില്‍ സംസ്ഥാന നിയമസഭ പാസാക്കിയ സേവനാവകാശ നിയമത്തില്‍ ആദ്യ ശിക്ഷ ഡിവൈഎസ്പിക്ക്. കണ്ണൂര്‍ റൂറല്‍ നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി പ്രേംജിതിനാണ് 1000 രൂപ പിഴ ശിക്ഷ ലഭിച്ചത്. ഒരു എഫ്.ഐആറിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകനായ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി അനില്‍ ചന്ദ്രത്തില്‍ നല്‍കിയ അപേക്ഷക്ക് രസീത് നല്‍കിയില്ല എന്ന പരാതിയിലാണ് ശിക്ഷ.

സേവനാവകാശ നിയമം രണ്ടാം അപ്പീല്‍ അധികാരിയായ മലപ്പുറം ജില്ല പൊലീസ് മേധാവി എസ് ശശിധരന്റേതാണ് ഉത്തരവ്. പരാതി കാലയളവില്‍ പെരിന്തല്‍മണ്ണ എസ്എച്ച്ഒ ആയിരുന്നു പ്രേംജിത്. പരാതിക്ക് രസീത് നല്‍കാത്തതിനെതിരെ പെരിന്തല്‍മണ്ണ ഡിവൈഎസ്പിക്ക് ആദ്യം അപ്പീല്‍ നല്‍കിയിരുന്നു.

ഇതു പരിഗണിക്കാത്തതിനെത്തുടര്‍ന്ന് ജില്ല പൊലീസ് മേധാവിക്ക് നല്‍കിയ രണ്ടാം അപ്പീലിലാണ് നടപടി. സേവനാവകാശ നിയമം എട്ടാം വകുപ്പു പ്രകാരം 1000 രൂപ പിഴ ട്രഷറിയില്‍ അടച്ച് ചലാന്‍ എസ്പി ഒഫിസില്‍ ഹാജരാക്കാനാണ് ഉത്തരവ്. 5000 രൂപ വരെ പിഴ വിധിക്കാവുന്ന കുറ്റമായിട്ടും അത് ഉണ്ടായില്ല, പെരിന്തല്‍മണ്ണ ഡിവൈഎസ്പി ഒന്നാം അപ്പീല്‍ പരിഗണിച്ചില്ല തുടങ്ങിയ വിഷയങ്ങളില്‍ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് പരാതിക്കാരന്റെ നീക്കം. പൊലീസ് സ്‌റ്റേഷനില്‍ നല്‍കുന്ന എല്ലാ പരാതികള്‍ക്കും അപേക്ഷകള്‍ക്കും രസീത് നല്‍കണമെന്ന് ഡിജിപിയുടെയും പൊതുഭരണ വകുപ്പിന്റെയും ഉത്തരവുണ്ട്.

വിവരാവകാശ നിയമത്തിന്റെ മാതൃകയില്‍ സേവനം പൗരന്റെ അവകാശമാക്കുന്ന ഇന്ത്യയിലെ നിയമമാണ് സേവനാവകാശ നിയമം. സംസ്ഥാനത്തെ 123 ഓളം സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും ജനങ്ങളുടെ അവകാശമാണെന്ന് ഈ നിയമം പ്രഖ്യാപിക്കുന്നു. സേവനങ്ങള്‍ക്കായി സാധാരണക്കാര്‍ സര്‍ക്കാര്‍ ഒഫിസുകളില്‍ കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥക്ക് പരിഹാരം എന്നനിലയില്‍ 2012 കേരളപ്പിറവി ദിനത്തിലാണ് സംസ്ഥാന നിയമസഭ ഇത് പാസാക്കിയത്. നിയമപ്രകാരം സമയബന്ധിതമായി സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കാത്തവര്‍ പിഴ അടക്കമുള്ള ശിക്ഷ ഏറ്റുവാങ്ങണമെന്ന് നിയമം അനുശാസിക്കുന്നു.

Top