കൊച്ചി: ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ വിചാരണക്കോടതി നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ. പ്രതികളായ രണ്ട് ഡോക്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കേസില്‍ എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. 2017ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്ക് ശേഷം കുടുങ്ങിയ കത്രിക അഞ്ച് വര്‍ഷമാണ് ഹര്‍ഷിനയ്ക്ക് വയറ്റില്‍ ചുമന്ന് നടന്നത്.
വേദന മാറാന്‍ പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് 2022 സെപ്റ്റംബര്‍ 13ന് സ്വകാര്യ ആശുപത്രിയിലെ സിടി സ്‌കാനിങ്ങിലാണ് കത്രിക കുടുങ്ങിയതായി കണ്ടെത്തുന്നത്. പിന്നീട് മെഡിക്കല്‍ കോളേജില്‍ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. തുടര്‍ന്ന് ഫെബ്രുവരി 26-ന് ഹര്‍ഷിന സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരമാണ് കേസെടുത്തത്. മെഡിക്കല്‍ കോളജ് എസിപിയായിരുന്ന കെ സുദര്‍നായിരുന്നു കേസ് അന്വേഷിച്ച് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
നീതി ലഭിക്കുന്നത് വൈകിയതോടെ സെക്രട്ടറിയേറ്റിന് മുമ്പില്‍ ഹര്‍ഷിന സമരം നടത്തിയിരുന്നു.2017 നവംബര്‍ 30-ന് ഹര്‍ഷിനയ്ക്കു ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്ന തളിപ്പറമ്പ് സൗപര്‍ണികയില്‍ ഡോ. സി കെ രമേശന്‍ (42), മലപ്പുറം ചങ്കുവട്ടി മംഗലത്ത് ഡോ. എം ഷഹന (32), സ്റ്റാഫ് നഴ്‌സുമാരായ പെരുമണ്ണ പാലത്തുംകുഴി എം രഹന (33), ദേവഗിരി കളപ്പുരയില്‍ കെ ജി മഞ്ജു (43) എന്നിവരാണ് യഥാക്രമം കേസിലെ ഒന്നു മുതല്‍ 4 വരെയുള്ള പ്രതികള്‍.