പൂനെ: കുരങ്ങന്റെ മുഖം മൂടിയും അണിഞ്ഞ് ക്ഷേത്രങ്ങളില്‍ മോഷണം പതിവാക്കിയ യുവാവ് അറസ്റ്റില്‍. ആറ് മാസത്തിനുള്ളില്‍ പൂനെയിലും അഹമ്മദ് നഗറിലുമായി 11ഓളം മോഷണങ്ങള്‍ നടത്തിയ യുവാവാണ് പിടിയിലായിരിക്കുന്നത്. പിന്നോക്ക മേഖലകളിലെ ക്ഷേത്രങ്ങളെയായിരുന്നു ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. ഓരോ മോഷണങ്ങള്‍ക്കും വ്യത്യസ്ത മുഖംമൂടിയായിരുന്നു ഇയാള്‍ ഉപയോഗിച്ചിരുന്നത്.
പൂനെ പൊലീസിന്റെ അന്വേഷണത്തിലാണ് മോഷ്ടാവിന്റെ രീതികള്‍ വ്യക്തമായത്. അടുത്തിടെ ജയില്‍മോചിതനായ ഒരാളാണോ മോഷണത്തിന് പിന്നിലെന്ന് സംശയം തോന്നിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് പിടിയിലായത്. അമ്പെഗോണ്‍, ഷിരൂര്‍, ഷിക്രപൂര്‍, രഞ്ജന്‍ഗോണ്‍, ഖേദ് എന്നിവിടങ്ങളിലാണ് ഇയാള്‍ മോഷണം നടത്തിയത്. വിഗ്രഹങ്ങളിലെ ആഭരണങ്ങളും നേര്‍ച്ചപ്പെട്ടികളും ക്ഷേത്രങ്ങളിലെ വിലയേറിയ വെള്ളി പാത്രങ്ങളുമടക്കമുള്ളവയാണ് ഇയാള്‍ അടിച്ചുമാറ്റിക്കൊണ്ടിരുന്നത്.
ഇയാള്‍ നടത്തിയ മോഷണത്തില്‍ വന്‍തുകയുടെ സാധനങ്ങളല്ല നഷ്ടപ്പെട്ടത്. എന്നാല്‍ മോഷണ സംഭവങ്ങള്‍ പ്രാദേശികമായി ചെറിയ സംഘര്‍ഷങ്ങളിലേക്ക് എത്തിയതോടെയാണ് പൊലീസ് കള്ളനെ കണ്ടെത്താന്‍ തുനിഞ്ഞിറങ്ങിയത്. 32 വയസുകാരനായ വിനായക് ദാമു ജിതേയാണ് അറസ്റ്റിലായത്. ഷിരൂര്‍ സ്വദേശിയായ ഇയാള്‍ ഫെബ്രുവരിയിലാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. നേരത്തെ മറ്റൊരു കേസില്‍ ജയിലില്‍ കഴിഞ്ഞ സമയത്താണ് സഹതടവുകാരില്‍ നിന്നാണ് മോഷണത്തിലെ പല ടെക്‌നിക്കുകളും ഇയാള്‍ പഠിച്ചെടുത്തതെന്നാണ് പൊലീസ് വിശദമാക്കുന്നത്. വേഷം മാറിയും മുഖം മൂടിയണിഞ്ഞും പിടിവീഴാതിരിക്കാനുള്ള പല ടെക്‌നിക്കുകളും ജയില്‍വാസ കാലത്താണ് ഇയാള്‍ പഠിച്ചെടുത്തതെന്ന് പൊലീസ് വ്യക്തമാക്കുന്നത്.