ശ്മശാനത്തില്‍നിന്നും ദുര്‍ഗന്ധം; ഒരു മാസത്തിനകം തീര്‍പ്പുണ്ടാണം: മനുഷ്യാവകാശ കമ്മിഷന്‍

ശ്മശാനത്തില്‍നിന്നും ദുര്‍ഗന്ധം; ഒരു മാസത്തിനകം തീര്‍പ്പുണ്ടാണം: മനുഷ്യാവകാശ കമ്മിഷന്‍
ശ്മശാനത്തില്‍നിന്നും ദുര്‍ഗന്ധം; ഒരു മാസത്തിനകം തീര്‍പ്പുണ്ടാണം: മനുഷ്യാവകാശ കമ്മിഷന്‍

തൃശൂര്‍: പുത്തൂര്‍ മരത്താക്കര മേരി ഇമ്മാക്കുലേറ്റ് പള്ളിയിലെ വാള്‍ട്ട് ടൈപ്പ് ശ്മശാനത്തില്‍നിന്നും ദുര്‍ഗന്ധം വമിക്കുകയാണെന്ന പരാതിയില്‍ ഒരു മാസത്തിനകം കലക്ടര്‍ തീര്‍പ്പുണ്ടാക്കണമെന്ന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചും പരാതിക്കാരെ കേട്ടും ആവശ്യമായ സംശയ നിവാരണം വരുത്തിയതിനു ശേഷം ഒരു മാസത്തിനകം പരാതി തീര്‍പ്പാക്കണമെന്നാണ് നിര്‍ദേശം നല്‍കിയത്. ഇതിനായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തി 20 ദിവസത്തിനകം റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. നിര്‍മാണത്തിലെ അപാകതകള്‍ കാരണം ദുര്‍ഗന്ധം വമിക്കുകയാണെന്ന് മരത്താക്കര സ്വദേശികളായ റപ്പായിയും മരിയാറ്റയും മറ്റുള്ളവരും ചേര്‍ന്ന് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

കലക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും ആവശ്യമായ പരിശോധനകള്‍ക്ക് ശേഷമാണ് ശ്മശാന നിര്‍മാണത്തിന് അനുമതി നല്‍കിയതെങ്കിലും അസഹനീയമായ ദുര്‍ഗന്ധം കാരണം പ്രദേശം മലിനപ്പെട്ട സാഹചര്യത്തില്‍ പരാതിക്കാരുടെ ഭാഗം കൂടി കലക്ടര്‍ കേള്‍ക്കേണ്ടതുണ്ടെന്ന് കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി ഉത്തരവില്‍ പറഞ്ഞു. അതേ സമയം പരാതിക്കാര്‍ക്ക് ആവശ്യമായ സമയം നല്‍കി അവരുടെ ഭാഗം കൂടി കേട്ടശേഷമാണ് നിര്‍മാണം നടത്തിയതെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷമാണ് പരാതിക്കാര്‍ കമ്മിഷനെ സമീപിച്ചത്. ശ്മശാന നിര്‍മാണം നടക്കുന്ന സ്ഥലത്തിന് സമീപം കുടിവെള്ള സ്രോതസോ കിണറുകളോ ഇല്ലെന്നും കലക്ടര്‍ വ്യക്തമാക്കിയിട്ടുള്ളതായി കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.

ദൂരപരിധി സംബന്ധിച്ച പരാതി തഹസില്‍ദാര്‍ പരിശോധിച്ച് തീര്‍പ്പാക്കിയതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സെമിത്തേരിയില്‍ നിന്ന് തൊട്ടടുത്തുള്ള വീട്ടിലേക്കുള്ള ദൂരം 25 മീറ്ററില്‍ കൂടുതല്‍ വരുന്ന തരത്തില്‍ പ്ലാന്‍ പുതുക്കാന്‍ പള്ളി വികാരിക്ക് നിര്‍ദേശം നല്‍കിയിരുന്നു. മൃതുദേഹങ്ങള്‍ മറവ് ചെയ്യുന്നത് തന്റെ വീട്ടില്‍നിന്ന് കാണാവുന്ന തരത്തിലാണെന്ന അയല്‍വാസിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സെമിത്തേരി പത്തടി ഉയരത്തില്‍ ടിന്‍ഷീറ്റ് മറച്ചതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ തങ്ങളുടെ പരാതി കലക്ടര്‍ വേണ്ട രീതിയില്‍ കേട്ടിട്ടില്ലെന്നാണ് പരാതിക്കാര്‍ പറയുന്നത്.

Top