തിരുവന്തപുരം: ഹൃദയ ശസ്ത്രിക്രിയക്ക് ആവശ്യമായ സ്റ്റെന്റ് വിതരണം പ്രതിസന്ധിയിലായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നിലച്ചു. സ്റ്റെന്റ് വിതരണം ചെയ്യുന്ന ഏജന്‍സികള്‍ക്ക് കുടിശ്ശിക നല്‍കുന്നതിലെ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണം. സ്റ്റെന്റ് വാങ്ങിയ വകയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് മാത്രം നല്‍കേണ്ടത് 40 കോടിയില്‍ അധികം രൂപ.
കുടിശ്ശിക ലഭിക്കാത്തതിനാല്‍ ഏജന്‍സികള്‍ സ്റ്റെന്റ് വിതരണം നിര്‍ത്തിവച്ചു. പണം നല്‍കാതെ ഉപകരണങ്ങള്‍ വിതരണം ചെയ്യില്ലെന്ന് കമ്പനികള്‍ വ്യക്തമാക്കി. ഇതോടെ ആന്‍ജിയോപ്ളാസ്റ്റി, ആന്‍ജിയോഗ്രാം ശസ്ത്രക്രിയകള്‍ മുടങ്ങി. കാത്ത് ലാബ് സൗകര്യമുള്ള സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് 143 കോടി രൂപയാണ് കിട്ടാനുള്ളത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് മാത്രം കുടിശ്ശിക 49 കോടി. ശസ്ത്രക്രിയ മുടങ്ങിയതോടെ മറ്റിടങ്ങളില്‍ നിന്ന് സ്റ്റെന്റും അനുബന്ധ ഉപകരണങ്ങളും വാങ്ങാനാണ് നീക്കം. മെഡിക്കല്‍ കോളജിലെ ഇന്‍ഹൗസ് ഡ്രഗ് ബാങ്കില്‍ നിന്ന് ഒരു മാസത്തേയ്ക്ക് ഏട്ടു ശതമാനം വിലക്കുറവില്‍ സ്റ്റെന്റ് നല്‍കി തുടങ്ങി.