ഉരുൾ പൊട്ടലിനെ തുടർന്ന് വയനാട്ടിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാനൊരുങ്ങി പശ്ചിമ ബംഗാൾ. വയനാട്ടിലുള്ള മുഴുവൻ കുടിയേറ്റ തൊഴിലാളികളെയും സുരക്ഷിതരായി തിരിച്ചെത്തിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.
പശ്ചിമ ബംഗാളിൽ നിന്നുള്ള 242 കുടിയേറ്റ തൊഴിലാളികളാണ് വയനാട്ടിലുള്ളതെന്ന് തൊഴിൽ മന്ത്രി മൊലോയ് ഖട്ടക് നിയമസഭയിൽ അറിയിച്ചിരുന്നു. അവരെല്ലാം സുരക്ഷിതരാണ്. ബംഗാളിൽ നിന്നുള്ള തൊഴിലാളികളെല്ലാം ഉയർന്ന തൊഴിൽ വൈദഗ്ധ്യമുള്ളവരാണെന്നും അതിനാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അവർക്ക് വലിയ ആവശ്യമാണെന്നും മന്ത്രി അറിയിച്ചിരുന്നു.
ഈ തൊഴിലാളികൾ മടങ്ങിവരാൻ ആഗ്രഹം പ്രകടിപ്പിച്ചാൽ സർക്കാർ ചെലവിൽ നാട്ടിലെത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.