CMDRF

ലോകവിപണികൾ ആശ്വാസ കുതിപ്പിൽ

ലോകവിപണികൾ ആശ്വാസ കുതിപ്പിൽ
ലോകവിപണികൾ ആശ്വാസ കുതിപ്പിൽ

ലോകവിപണികൾ ആശ്വാസ കുതിപ്പിലായതോടെ ഇന്ത്യൻ വിപണിയിൽ മുന്നേറ്റത്തിന് സാധ്യത. യുഎസ് വിപണിയും ഏഷ്യൻ വിപണികളും നല്ല കയറ്റത്തിലാണ്. എന്നാൽ ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദം ബുൾ കുതിപ്പ് തുടരാനുളള ശ്രമത്തിനു തടസമാകും. നിഫ്റ്റി 24,400 കടന്നാൽ മുന്നേറ്റം എളപ്പമാണെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. അമേരിക്കയിൽ തൊഴിലില്ലായ്മ ആനുകൂല്യത്തിനുള്ള അപേക്ഷകൾ കുറഞ്ഞത് അവിടെ മാന്ദ്യം ഉണ്ടാകും എന്ന ആശങ്കയെ അകറ്റി. ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 24,376 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 24,390 ലേക്കു കയറി.യുഎസ് വിപണി വ്യാഴാഴ്ച മികച്ച മുന്നേറ്റം നടത്തി ഉയർന്ന നിലയിൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി സൂചികയ്ക്ക് 2022-നു ശേഷമുള്ള ഏറ്റവും നല്ല ദിവസമായിരുന്നു ഇന്നലെ.

തൊഴിലില്ലായ്മ ആനുകൂല്യത്തിനുള്ള പുതിയ അപേക്ഷകളുടെ എണ്ണം പ്രതീക്ഷയിലും കുറവായി. കഴിഞ്ഞ ആഴ്ച തൊഴിൽ സംഖ്യ കുറഞ്ഞതിനെ തുടർന്നു മാന്ദ്യ ഭീതിയുമായി വിപണി ഇടിഞ്ഞതാണ്. പുതിയ കണക്ക് ആശങ്കകൾ നീക്കി.ജപ്പാനിൽ നിന്നു കുറഞ്ഞ പലിശയ്ക്കു വായ്പ എടുത്ത് പുറം വിപണികളിൽ നിക്ഷേപിക്കുന്ന യെൻ കാരി ട്രേഡ് കരാറുകൾ മിക്കതും ക്ലോസ് ചെയ്തു എന്നാണു നിഗമനം. അതിൻ്റെ ഫലമായുള്ള കോളിളക്കം ശമിക്കും എന്നു വിപണി കരുതുന്നു.സെപ്റ്റംബർ അവസാനമേ യുഎസിൽ പലിശ കുറയൂ എന്നു വ്യക്തമായതോടെ കടപ്പത്ര വിലകൾ കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം നാലു ശതമാനത്തിനടുത്തായി. വ്യാഴാഴ്ച ഡൗ ജോൺസ് സൂചിക 683.04 പോയിൻ്റ് (1.76%) കയറി 39,446.50 ൽ അവസാനിച്ചു. എസ് ആൻഡ് പി 119.81 പോയിൻ്റ് (2.30%) കുതിച്ച് 5319.31 ൽ ക്ലോസ് ചെയ്തു. നാസ്ഡാക് 464.21 പാേയിൻ്റ് (2.87%) നേട്ടത്തിൽ 16,660.00 ൽ വ്യാപാരം അവസാനിപ്പിച്ചു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ഭിന്ന ദിശകളിലാണ്. ഡൗവും എസ് ആൻഡ് പിയും 0.05 ശതമാനം താണു. നാസ്ഡാക് 0.13 ശതമാനം കയറി നിൽക്കുന്നു. വ്യാഴാഴ്ച ഏഷ്യൻ വിപണികൾ മിക്കതും നഷ്ടത്തിലായി. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ നല്ല ഉയർച്ചയിലാണ്. ജപ്പാനിലും കാെറിയയിലും വിപണികൾ ഒരു ശതമാനത്തിലധികം ഉയർന്നു. ഇന്ത്യൻ വിപണി വ്യാഴാഴ്ച താഴ്ന്നു വ്യാപാരം തുടങ്ങി, പിന്നീട് ഗണ്യമായി ഉയർന്നിട്ടു വീണ്ടും താഴ്ന്നു ക്ലോസ് ചെയ്തു. സെൻസെക്സ് 79,627 ഉം നിഫ്റ്റി 24,340.50ഉം വരെ ഉയർന്നിട്ടാണ് ഗണ്യമായി താഴ്ന്ന് അവസാനിച്ചത്. സ്മോൾ ക്യാപ്, മിഡ് ക്യാപ് ഓഹരികൾ ചെറിയ തോതിൽ താഴ്ന്നു. ഐടി, മെറ്റൽ, ഓയിൽ – ഗ്യാസ്, റിയൽറ്റി മേഖലകളുടെ ഇടിവാണു വിപണിയെ താഴ്ത്തിയത്. വ്യാഴാഴ്ച സെൻസെക്സ് 581.79 പാേയിൻ്റ് (0.73%) താഴ്ന്ന് 78,886.22 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 180.50 പോയിൻ്റ് (0.74%) ഇടിവോടെ 24,117. 00 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 0.08% (37.70 പോയിൻ്റ്) കയറി 50,156.70 ൽ അവസാനിച്ചു.

മിഡ് ക്യാപ് സൂചിക 0.34 ശതമാനം താഴ്ന്ന് 56,681.20 ലും സ്മോൾ ക്യാപ് സൂചിക 0.41% ഇടിഞ്ഞ് 18,307.30 ലും വ്യാപാരം അവസാനിപ്പിച്ചു. വിദേശനിക്ഷേപകർ വ്യാഴാഴ്ച ക്യാഷ് വിപണിയിൽ 2626.73 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 577.30 കോടി രൂപയുടെ ഓഹരികൾ വാങ്ങി. നിഫ്റ്റി 24,400 മറി കടന്നാലേ മുന്നേറ്റത്തിലേക്കു തിരിച്ചു വരാൻ പറ്റൂ. ഇന്നു നിഫ്റ്റി സൂചികയ്ക്ക് 24,080 ലും 24,020 ലും പിന്തുണ ഉണ്ട്. 24,280 ലും 24,340 ലും തടസം ഉണ്ടാകാം. യുഎസിൽ താെഴിലില്ലായ്മ ആനുകൂല്യ അപേക്ഷകൾ കുറഞ്ഞതു സ്വർണക്കയറ്റത്തെ സഹായിച്ചു. വ്യാഴാഴ്ച 1.65 ശതമാനം ഉയർന്ന സ്വർണം ഔൺസിന് 2428.40 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2427 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ സ്വർണവില ഇന്നലെ പവന് 50,800 രൂപയിൽ തുടർന്നു. ഇന്നു ഗണ്യമായ കയറ്റം ഉണ്ടാകും. വെള്ളിവില ഔൺസിന് 27.48 ഡോളറിലേക്കു കയറി.

ഡോളർ സൂചിക ഇന്നലെ 103.21 ലേക്കു കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.23 ആയി. രൂപ ഇന്നലെയും വലിയ സമ്മർദത്തിലായിരുന്നു. ഡോളർ 83.97 രൂപ വരെ കയറിയിട്ട് 83.96 ൽ ക്ലോസ് ചെയ്തു. റിസർവ് ബാങ്ക് വലിയ തോതിൽ ഡോളർ ഇറക്കി വിപണിയെ ക്രമീകരിച്ചു. ക്രൂഡ് ഓയിൽ വില വീണ്ടും കയറി. ബ്രെൻ്റ് ഇനം ഇന്നലെ ഒരു ശതമാനം ഉയർന്ന് 79.16 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 79.12 ഡോളറിലേക്ക് താണു. ഡബ്ല്യുടിഐ ഇനം 76.17 ഉം യുഎഇയുടെ മർബൻ ക്രൂഡ് 77.83 ഉം ഡോളറിലാണ്. വ്യാവസായിക ലോഹങ്ങൾ കയറിയിറങ്ങി. ചെമ്പ് 0.09 ശതമാനം ഉയർന്നു ടണ്ണിന് 8648.50 ഡോളറിൽ എത്തി. അലൂമിനിയം 0.62 ശതമാനം കുറഞ്ഞ് ടണ്ണിന് 2274.00 ഡോളറായി. മറ്റു ലോഹങ്ങൾ ഭിന്ന ദിശകളിലായിരുന്നു. ക്രിപ്റ്റാേ കറൻസികൾ 15 ശതമാനത്തോളം കയറി. ബിറ്റ് കോയിൻ 62,000 ഡോളറിനു മുകളിലാണ്. ഈഥർ 2700 ഡോളറിലാണ്.

Top