ആഗോള വ്യാപകമായുണ്ടായ വില്പന സമ്മര്‍ദത്തില്‍ നടുങ്ങി നിക്ഷേപ ലോകം. യുഎസ് വിപണികള്‍ക്ക് പിന്നാലെ ഏഷ്യന്‍ സൂചികകളും കനത്ത തകര്‍ച്ച നേരിട്ടു. സെന്‍സെക്‌സ് 814 പോയന്റ് നഷ്ടത്തില്‍ 81,026ലേക്ക് തിരിച്ചെത്തി. 282 പോയന്റ് താഴ്ന്ന് നിഫ്റ്റി 24,728ലുമെത്തി. ഇതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 4.26 ലക്ഷം കോടി രൂപ കുറഞ്ഞ് 457.36 ലക്ഷം കോടിയിലെത്തി. പ്രധാന സെക്ടറല്‍ സൂചികകളെല്ലാം നഷ്ടത്തിലാണ്. നിഫ്റ്റി മെറ്റല്‍, പൊതുമേഖല ബാങ്ക് സൂചികകള്‍ രണ്ട് ശതമാനത്തിലേറെ ഇടിവ് നേരിട്ടു. നിഫ്റ്റി സ്‌മോള്‍, മിഡ് ക്യാപ് സൂചികകളില്‍ ഒരു ശതമാനത്തിലേറെ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ഉത്പാദനമേഖലയിലെ ദുര്‍ബലമായ കണക്കുകള്‍ പുറത്തുവന്നതോടെ യുഎസ് സൂചികകള്‍ സമ്മര്‍ദത്തിലായി. യുഎസ് സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്കാണെന്ന സൂചനയായി അത് വിലയിരുത്തപ്പെട്ടു. തൊട്ടുമുമ്പത്തെ ദിവസത്തില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതാ റിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തിയ ആത്മവിശ്വാസത്തെ ഇത് തകിടംമറിക്കുകയും ചെയ്തു. ഡോ ജോണ്‍സ് 1.75 ശതമാനം നഷ്ടത്തില്‍ 40,200ലും എസ്ആന്‍ഡ്പി 500 സൂചിക 1.76 ശതമാനം താഴ്ന്ന് 5,424ലിലും നാസ്ദാക്ക് 2.67 ശതമാനം തകര്‍ന്ന് 17,114ലുമാണ് ക്ലോസ് ചെയ്തത്.
ഈ തിരിച്ചടി ഏഷ്യന്‍ സൂചികകളിലും പ്രതിഫലിച്ചു. യുഎസിലെ മാന്ദ്യഭീതിയില്‍ ആഗോളതലത്തില്‍ വിപണികള്‍ തിരിച്ചടിനേരിട്ടു. ഏഷ്യ പസഫിക് ഓഹരികളെ പ്രതിനിധീകരിക്കുന്ന എംഎസ്സിഐ സൂചിക വ്യാപാരം ആരംഭിച്ചയുടെന 0.80 ശതമാനം നഷ്ടത്തിലായി. നാല് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് ജപ്പാന്റെ നിക്കി നേരിട്ടത്. മധ്യേഷ്യയില്‍നിന്നുള്ള എണ്ണവിതരണത്തില്‍ തടസ്സംനേരിട്ടേക്കുമെന്ന സൂചന അസംസ്‌കൃത എണ്ണവിലയെ സ്വാധീനിച്ചു. ബ്രന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് 0.75 ശതമാനം ഉയര്‍ന്ന് ബാരലിന് 80.12 ഡോളര്‍ നിലവാരത്തിലെത്തി. യുഎസ് വെസ്റ്റ് ടക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡാകട്ടെ 080ശതമാനം ഉയര്‍ന്ന് 76.92 ഡോളറുമായി.
കഴിഞ്ഞ മാസം നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് മിലിട്ടറി മേധാവി മുഹമ്മദ് ദെയ്ഫിനെ വധിച്ചെന്ന് ഇസ്രായേല്‍ സേന സ്ഥിരീകരിച്ചത് ഈ മേഖലയിലെ സംഘര്‍ഷ ഭീതി ഉയര്‍ത്തി. ഇതേതടുര്‍ന്ന് മൂന്ന് ദിവസത്തിനിടെ ക്രൂഡ് ഓയില്‍ വിലയില്‍ രണ്ട് ശതമാനത്തോളം വര്‍ധനവുണ്ടായി. ആഗോളതലത്തില്‍ പണപ്പെരുപ്പ ഭീതിയിലേക്കാണ് അത് വീണ്ടും നയിച്ചത്.