വിശാഖപട്ടണം: വയറുവേദനയുമായി ആശുപത്രിയിലെത്തിയ 27 വയസുകാരിയുടെ ശരീരത്തില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത് 24 ആഴ്ച വളര്‍ച്ചയെത്തിയ ‘സ്റ്റോണ്‍ ബേബിയെ’. ഇത് ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. ലോകത്ത് അപൂര്‍വമായി മാത്രമാണ് വയറിനുള്ളില്‍ സ്റ്റോണ്‍ ബേബി രൂപപ്പെടുന്ന പ്രതിഭാസം കണ്ടെത്തിയിട്ടുള്ളതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള കിങ് ജോര്‍ജ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് 27കാരിയുടെ ശരീരത്തില്‍ നിന്ന് സ്റ്റോണ്‍ ബേബിയെ നീക്കം ചെയ്തത്. രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീ കടുത്ത വയറുവേദനയുമായാണ് ആശുപത്രിയില്‍ എത്തിയത്. പിന്നീട് ശസ്ത്രക്രിയ നടത്തി. ഗര്‍ഭസ്ഥ ശിശുവിന്റെ നെഞ്ചിന്‍കൂട്, തലയോട്ടി, ഇടുപ്പെല്ല്, തോളെല്ല് തുടങ്ങിയവ നീക്കം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. എല്ലുകള്‍ കൂടിച്ചേര്‍ന്നതു പോലെ കാത്സ്യം അടിഞ്ഞുകൂടിയ നിലയിലുള്ള വസ്തുവാണ് യുവതിയുടെ വയറിനുള്ളില്‍ കണ്ടതെന്നും ഡോക്ടര്‍മാര്‍ വിശദീകരിച്ചു. യുവതി സുഖം പ്രാപിച്ചുവരികയാണ്.
Also Read: ഫ്രഷ് ആണെന്ന് പറഞ്ഞപ്പോൾ ഇത്രക്കും പ്രതീക്ഷിച്ചില്ല! വൈറലായി വീഡിയോ
ഗര്‍ഭസ്ഥ ശിശു സ്ത്രീയുടെ ഗര്‍ഭാശയത്തിനുള്ളില്‍ വെച്ച് മരിക്കുകയും എന്നാല്‍ അത് ശരീരത്തിലേക്ക് പുനഃരാഗികരണം ചെയ്യപ്പെടാന്‍ കഴിയുന്നതിലധികം വലുതായിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ കുഞ്ഞിന്റെ ശരീരം വയറിനുള്ളില്‍ തന്നെ അവശേഷിക്കുകയും അതിലേക്ക് കാത്സ്യം അടിഞ്ഞുകൂടുകയും ചെയ്യുന്നതിലൂടെയാണ് സ്റ്റോണ്‍ ബേബിയായി മാറുന്നത്. ലിത്തോപീഡിയ എന്നും ഈ അവസ്ഥയെ വിശേഷിപ്പിക്കാറുണ്ട്. ഗര്‍ഭത്തിന്റെ പതിനാലാം ആഴ്ച മുതല്‍ ഗര്‍ഭകാലത്തിന്റെ അവസാനം വരെയുള്ള ഏത് സമയത്തും ഇത്തരത്തിലുള്ള ഒരു പ്രതിഭാസത്തിന് സാധ്യതയുണ്ട്.
ഗര്‍ഭമുണ്ടായ ശേഷം ആദ്യ സമയങ്ങളില്‍ തന്നെ കുഞ്ഞ് മരണപ്പെടുകയും കാത്സ്യം അടിഞ്ഞുകൂടി അത് സ്റ്റോണ്‍ ബേബിയായി മാറുകയും ചെയ്യുന്ന അവസ്ഥ, വര്‍ഷങ്ങളോളം രോഗി അറിയാതിരിക്കാനും സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചിലപ്പോള്‍ ആര്‍ത്തവ വിരാമത്തിന് ശേഷമായിരിക്കും ഇത് കണ്ടെത്തുക. അല്ലെങ്കില്‍ രോഗി മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് പരിശോധനയ്ക്ക് വിധേയമാവുമ്പോള്‍ ഇത് കണ്ടെത്തപ്പെട്ടേക്കും.