സ്‌ട്രേഞ്ചര്‍ തിങ്ങ്‌സ് അഞ്ചാം സീസണ്‍ ഉടന്‍ എത്തും; റോസ് ഡഫര്‍

സ്‌ട്രേഞ്ചര്‍ തിങ്ങ്‌സ് അഞ്ചാം സീസണ്‍ ഉടന്‍ എത്തും; റോസ് ഡഫര്‍
സ്‌ട്രേഞ്ചര്‍ തിങ്ങ്‌സ് അഞ്ചാം സീസണ്‍ ഉടന്‍ എത്തും; റോസ് ഡഫര്‍

നെറ്റ്ഫ്‌ലിക്‌സ് സീരീസുകളുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയ സെ-ഫൈ അമേരിക്കന്‍ ഡ്രാമയാണ് ‘സ്‌ട്രേഞ്ചര്‍ തിങ്ങ്‌സ്’. നാല് സീസണുകളുണ്ടായിരുന്ന സീരീസിന്റെ അവസാനത്തെയും ക്ലൈമാക്‌സുമായ അഞ്ചാമത്തെ സീരീസിനായി കാത്തിരിക്കുന്ന പ്രേക്ഷകരെ തേടിയാണ് സന്തോഷ വാര്‍ത്ത എത്തിയിരിക്കുന്നത്. 24 ആഴ്ചകള്‍ നീണ്ട ചിത്രീകരണത്തിന് ശേഷം ‘സ്‌ട്രേഞ്ചര്‍ തിങ്സ്’ അവസാന സീസണിന്റെ നിര്‍മ്മാണം പകുതിയോളം പൂര്‍ത്തിയാക്കിയിരിക്കുകയാണെന്നും, ഹോളിവുഡിലെ താരങ്ങളുടെയും എഴുത്തുകാരുടെയും സമരം കാരണമുണ്ടായ കാലതാമസങ്ങള്‍ ഉണ്ടെങ്കിലും, ചിത്രീകരണം വേഗത്തിലാക്കുകയാണെന്നും. അഞ്ചാം സീസണ്‍ എട്ട് ചെറിയ എപ്പിസോഡുകളായാകും എത്തുക. അടുത്ത ഒരു വര്‍ഷത്തോടുകൂടി അവസാന സീസണ്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, സ്‌ട്രേഞ്ചര്‍ തിങ്ങ്‌സിന്റെ സഹ-സ്രഷ്ടാവായ റോസ് ഡഫര്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് അറിയിച്ചത്. അടുത്തിടെ, ’24-ാം ആഴ്ച, എക്കാലത്തെയും മികച്ച അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും കൂടെ, എന്ന അടിക്കുറിപ്പോടെ അദ്ദേഹം അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.

2023-ല്‍ റൈറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്ക (WGA), സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ് (SAG) എന്നീ സംഘടനയുടെ അനിശ്ചിതകാല സമരം ചിത്രീകരണത്തെ ബാധിച്ചിരുന്നു. നാലാം സീസണും കാലതാമസം നേരിട്ടാണ് പൂര്‍ത്തിയായത്. ഒടുവില്‍ 2022-ല്‍ രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് 2023ല്‍ ആരംഭിക്കേണ്ട പുതിയ സീസണിന്റെ നിര്‍മ്മാണം 2024 ജനുവരിയിലാണ് തുടങ്ങിയത്.
100 കോടി മണിക്കൂര്‍ സ്ട്രീമിംഗ് പിന്നിട്ട നെറ്റ്ഫ്‌ലിക്‌സിലെ രണ്ടാമത്തെ സീരിയസ് എന്ന പ്രത്യേകതയുള്ള പരമ്പരയാണ് ‘സ്ട്രേഞ്ചര്‍ തിങ്ങ്‌സ് 4’. 1980 കളിലെ ഇന്ത്യാനയിലെ ഹോക്കിന്‍സ് എന്ന നഗരമാണ് ആദ്യ മൂന്ന് സീസണിന്റെ പ്രധാന പശ്ചാത്തലം. തുടര്‍ന്ന് നാലാം സീസണില്‍ റഷ്യയും പശ്ചാത്തലമാകുന്നുണ്ട്. ടെലിവിഷന്‍ പുരസ്‌കാരങ്ങളില്‍ ഏറ്റവും ജനപ്രിയ അവാര്‍ഡ് ഷോ ആയ എമ്മീസ് 2022ലും ‘സ്ട്രേഞ്ചര്‍ തിങ്ങ്‌സ്’ ഇടം നേടിയിട്ടുണ്ട്. മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച കാസ്റ്റിംഗ്, മികച്ച സീരീസ്, എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലേക്കുള്ള നോമിനേഷന്‍ പട്ടികയിലും സീരീസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Top