രാജ്യാന്തര ഭക്ഷ്യയെണ്ണ വിപണിയിൽ കയറ്റിറക്കുമതി രാജ്യങ്ങൾ തമ്മിലുള്ള മത്സരം ശക്തമാകുന്നു. ഇന്ത്യയിൽ ഉത്സവ സീസണിന് തുടക്കം കുറിച്ച തക്കത്തിന് ഇന്തോനേഷ്യ പാം ഓയിൽ വില ഉയർത്തി ആദ്യ വെടിമുഴക്കി. ഒക്‌ടോബർ വരെയുള്ള കാലയളവിലേക്ക് വൻ ഓർഡറുകൾ എത്തുമെന്ന വിലയിരുത്തലിലാണ് ജക്കാർത്തയിലെ കയറ്റുമതി സമൂഹം. പ്രതിസന്ധി മുന്നിൽക്കണ്ട് ഡ്യൂട്ടി വർധിപ്പിച്ച് ഇറക്കുമതി പ്രതിരോധിക്കുമെന്ന വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് കയറ്റുമതി സമൂഹത്തെ സമ്മർദത്തിലുമാക്കി.
നിലവിൽ പാം ഓയിൽ, സൂര്യകാന്തി, സോയ എന്നിവ ശുദ്ധീകരിക്കാതെയുള്ള ഇറക്കുമതിക്ക് 5.5 ശതമാനവും ശുദ്ധീകരിച്ച എണ്ണകളുടെ ഇറക്കുമതിക്ക് 13.75 ശതമാനവുമാണ് തീരുവ. ഇവ ഉയർത്തിയാൽ വിദേശ ചരക്കുവരവ് ഒരു പരിധി വരെ തടയാനാവും. കൂടിയ വില ആഭ്യന്തര എണ്ണക്കുരു കർഷകർക്ക് ഉറപ്പുവരുത്താനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന കേന്ദ്ര പ്രഖ്യാപനം രാജ്യാന്തര പാം ഓയിൽ വിപണിയിൽ വൻ സ്വാധീനം ചെലുത്തി.
Also Read: ഓഹരി വിപണിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുന്ന ഇൻഫ്ലുൻസർമാർക്ക് താക്കീതുമായി സെബി
ഇന്തോനേഷ്യയും മലേഷ്യയുമാണ് രാജ്യാന്തര പാം ഓയിലിനെ നിയന്ത്രിക്കുന്നത്.വിദേശ ഭക്ഷ്യയെണ്ണ വരവ് കുറയുന്നത് കൊപ്ര ഉൽപാദകർക്കും ഗുണകരമാവും. വിദേശ വ്യാപാരത്തിലെ മത്സരങ്ങൾ അവസരമാക്കി ഓണവിപണി ചൂഷണം ചെയ്യാൻ തമിഴ്‌നാട് ലോബി വെളിച്ചെണ്ണ വില ഉയർത്തി. കൊച്ചിയിൽ എണ്ണ വില 16,500ൽ നിന്ന് 16,800 ലേക്ക് കയറി. അതേ സമയം വ്യവസായികൾ കൊപ്ര വില 100 രൂപ മാത്രം ഉയർത്തി 10,400 രൂപയാക്കി. വാരാന്ത്യം പാം ഓയിൽ 9700 രൂപയിലാണ്. ഇതിനിടയിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നാളികേര വിളവെടുപ്പിന് ഉൽപാദകർ നീക്കം നടത്തി.
ആഭ്യന്തര വിപണിയിൽ ചെറിയ തളർച്ചക്കുശേഷം കുരുമുളക് തിരിച്ചു വരവ് നടത്തി. ചരക്ക് സംഭരിക്കാൻ അന്തർസംസ്ഥാന ഇടപാടുകാർ നടത്തിയ വിലയിടിവ് നീക്കങ്ങൾ കണ്ട് കർഷകർ മുളകുനീക്കം നിയന്ത്രിച്ചു. ഇതോടെ ടെർമിനൽ മാർക്കറ്റിൽ വരവ് ചുരുങ്ങിയതിനാൽ തുടർച്ചയായ ദിവസങ്ങളിൽ കുരുമുളക് വില വർധിച്ച് അൺഗാർബിൾഡ് 64,400 രൂപയിൽ നിന്നും 65,000 രൂപയായി.
Also Read: പൊതുമേഖല ഉൽപന്നങ്ങൾ ഓൺലൈനിൽ; കെ ഷോപ്പി റെഡി
ആഗോള വിപണിയിലെ വിലക്കയറ്റം
അന്താരാഷ്‌ട്ര വിപണിയിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 8200 ഡോളർ. വിയറ്റ്‌നാമിലെ ചരക്കുക്ഷാമം രൂക്ഷമാണ്, അവിടെ സീസൺ ആരംഭിക്കാൻ ആറുമാസമെങ്കിലും കാത്തിരിക്കണമെന്നത് ആഗോള വിപണിയിലെ വിലക്കയറ്റം ശക്തമാക്കാൻ ഇടയുണ്ട്. വ്യവസായികൾ വിദേശ ജാതിക്കയെ കൂടുതായി ആശ്രയിച്ചത് നാടൻ ഉൽപന്നത്തിന് ഡിമാൻഡ് മങ്ങാൻ ഇടയാക്കി. വിലക്കയറ്റം പ്രതീക്ഷിച്ച് ചരക്ക് പിടിച്ചവർ ഉൽപന്നം വിറ്റുമാറാനുള്ള ശ്രമത്തിലാണ്. കാലവർഷത്തിന്റെ വരവിനിടയിൽ അന്തരീക്ഷ താപനില കുറഞ്ഞത് ജാതിക്കയിൽ പൂപ്പൽ ബാധക്ക് ഇടയാക്കുന്നതും ഉൽപന്ന വില കുറയാൻ കാരണമായി.
Also Read: ഇന്ത്യൻ ഓഹരി സൂചികകൾ റെക്കോർഡിലേക്ക്
കാലാവസ്ഥ വ്യതിയാനം മൂലം മധ്യകേരളത്തിലും ഹൈറേഞ്ചിലെ തോട്ടങ്ങളിലും കായ മൂപ്പെത്തും മുമ്പേ കൊഴിഞ്ഞത് കർഷകർക്ക് കനത്ത സാമ്പത്തിക നഷ്‌ടം വരുത്തിവെച്ചു. ഉൽപാദനം കുറഞ്ഞത് വിലക്കയറ്റം സൃഷ്‌ടിക്കുമെന്ന് സ്‌റ്റോക്കിസ്‌റ്റുകൾ കണക്കുകൂട്ടിയെങ്കിലും നിരക്ക് താഴ്‌ന്ന നിലയിൽ തുടരുന്നു. ജാതിക്ക തൊണ്ടൻ 190-240, ജാതിപ്പരിപ്പ് 400 – 440, ജാതിപത്രി 900-1350 രൂപയിലും വിപണനം നടന്നു. ഇതിനിടയിൽ വിദേശ ഓർഡറുകൾ ലഭിച്ച കയറ്റുമതിക്കാർ മികച്ചയിനം ചരക്ക് സംഭരിക്കുന്നുണ്ട്.
ഏലം സീസണിനായി ഒക്‌ടോബർ വരെ കാത്തിരിക്കേണ്ടിവരുമെന്ന് മുഖ്യ ഉൽപാദന മേഖലയായ ഉടുമ്പൻ ചോലയിലെ കർഷകർ. ഇതിനിടയിൽ മധ്യവർത്തികൾ സ്‌റ്റോക്കുള്ള ചരക്ക് വിറ്റുമാറാനുള്ള തിടുക്കത്തിലാണ്. വാരാവസാനം ഇടുക്കിയിൽ നടന്ന ലേലത്തിൽ അരലക്ഷം കിലോ ഏലക്ക വിൽപനക്ക് ഇറങ്ങി. ഗൾഫ് ഓർഡർ ലഭിച്ച കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ഏലക്ക ലേലത്തിൽ സജീവമാണ്. ശരാശരി ഇനങ്ങൾ കിലോ 2209 രൂപയിലും മികച്ചയിനങ്ങൾ 2722 രൂപയിലുമാണ്.