CMDRF

നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടി

നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടി
നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും, ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ആമയിഴഞ്ചാന്‍ തോടിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.നഗരത്തിലെ മാലിന്യ പ്രശ്‌നം പരിഹിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും സുഗമമായ നടത്തിപ്പിനും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ടിലെ വകുപ്പുകള്‍ ഉപയോഗപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ സബ് കളക്ടറെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള സ്‌പെഷ്യല്‍ ഓഫീസറായി ചുമതലപ്പെടുത്തും. മേജര്‍ ഇറിഗേഷന്‍, കോര്‍പ്പറേഷന്‍, റെയില്‍വേ എന്നീ മൂന്ന് വിഭാഗങ്ങളുടെയും ഏകോപനം ഉറപ്പാക്കും. നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പനങ്ങള്‍ നിരുത്സാഹപ്പെടുത്താന്‍ കര്‍ശന നടപടിയെടുക്കാനും യോഗത്തില്‍ തീരുമാനമായി.

പൊതുനിരത്തിലും ജലാശയത്തിലും മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിട്രേഷന്‍ റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. സാംക്രമിക രോഗങ്ങള്‍ തടയാന്‍ മാലിന്യ നീക്കം പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ദിവസവും ശാസ്ത്രീയമായ മാലിന്യ സംസ്‌ക്കരണം റെയില്‍വേ ഉറപ്പ് വരുത്തണം. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലൂടെ ഒഴുകുന്ന 130 മീറ്റര്‍ നീളമുള്ള ടണല്‍ ശുചീകരിക്കണമെന്ന് ഇന്ത്യന്‍ റെയില്‍വേയോട് നിര്‍ദ്ദേശിച്ചു. ട്രയിനുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ റെയില്‍വേ എഞ്ചിനീയറിംഗ് വിഭാഗം ആഴ്ചയിലൊരിക്കല്‍ പരിശോധന നടത്തണം. തോടിന്റെ രണ്ട് ഭാഗത്തുള്ള ഫെന്‍സിങ്ങിന്റെ അറ്റകുറ്റപ്പണി ഇറിഗേഷന്‍ വകുപ്പ് നടത്തും. 2000 മീറ്ററില്‍ പുതുതായി സ്ഥാപിക്കേണ്ട ഫെന്‍സിങ്ങിന്റെ പണി ഉടന്‍ ആരംഭിക്കും. രാജാജി നഗറിന്റെ മദ്ധ്യ ഭാഗത്തുള്ള പാലത്തിന് സമീപവും നഗര്‍ അവസാനിക്കുന്ന ഭാഗത്തും രണ്ട് ട്രാഷ് ബൂമുകള്‍ കോര്‍പ്പറേഷന്‍ സ്ഥാപിക്കും. രാജാജിനഗര്‍ പ്രദേശത്ത് ശാസത്രിയ ഖരമാലിന്യ പദ്ധതിക്ക് കണ്ടെത്തിയ സ്ഥലത്ത് ഉടന്‍ പ്രവര്‍ത്തി ആരംഭിക്കും.

മെറ്റല്‍ മെഷുകള്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പ് സ്ഥാപിക്കും. മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഫയര്‍ & റസ്‌ക്യു നേതൃത്വത്തില്‍ പരിശീലനവും ആവശ്യമായ സുരക്ഷാ ക്രമീകരണവും നല്‍കും. 40 എ ഐ ക്യാമറകള്‍ സ്ഥാപിക്കും. ഇവയെ പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പിക്കും. മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും. രാജാജി നഗറില്‍ നിലവിലുള്ള തുമ്പൂര്‍മുഴി യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കി അധികമായി വരുന്ന മാലിന്യം അംഗീകൃത ഏജന്‍സികള്‍ക്ക് കൈമാറും അജൈവ മാലിന്യം ശേഖരിക്കുന്നതിന് മിനി എം.സി.എഫ്/കണ്ടയിനര്‍ എം.സി.എഫ് സ്ഥാപിക്കും.

കെഎസ്ആര്‍ടിസി തമ്പാനൂര്‍ ബസ് ഡിപ്പോയിലെ സര്‍വീസ് സ്റ്റേഷനില്‍ നിന്നുള്ള മലിന ജലവും മറ്റ് ഖര മാലിന്യങ്ങളും ആമയിഴഞ്ചാന്‍ തോടിലേയ്ക്ക് തള്ളുന്നത് ഒഴിവാക്കുന്നതിന് എഫ്‌ളുവെന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റും ഇന്റഗ്രേറ്റഡ് വേസ്റ്റ് മാനെജ്‌മെന്റ് സംവിധാനവും ക്രമീകരിക്കണമെന്ന് കെഎസ്ആര്‍ടിസിക്ക് നിര്‍ദ്ദേശം നല്‍കി. പ്ലാമൂട്, കോസ്‌മോ ആശുപത്രി, കണ്ണമ്മൂല, പാറ്റൂര്‍ എന്നിവിടങ്ങളിലെ കെ.ഡബ്ല്യു.എ.യുടെ പമ്പിങ് സ്റ്റേഷനുകളില്‍ നിന്ന് ഓവര്‍ഫ്‌ളോ വെള്ളം ഒഴുകുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചു. മൃഗശാലയില്‍ മലിനജല സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കണമെന്നും ഖരമാലിന്യ സംസ്‌കരണത്തിന് സംവിധാനമൊരുക്കണമെന്നും നിര്‍ദ്ദേശിച്ചു.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് പഠനത്തില്‍ ചൂണ്ടിക്കാണിച്ചതുപ്രകാരം ആമയിഴഞ്ചാന്‍ തോടിന് സമീപമുള്ള വീടുകളിലെ മലിനജലം തോടിലേക്ക് എത്തുന്നത് ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും യോഗത്തില്‍ തീരുമാനമായി. കെഎസ്ആര്‍ടിസി, തകരപറമ്പ്, പാറ്റൂര്‍, വഞ്ചിയൂര്‍, ജനശക്തി നഗര്‍, കണ്ണമ്മൂല എന്നിവിടങ്ങളിലെ വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിലെ മലിനജലം ആമയിഴഞ്ചാന്‍ തോടിലേക്ക് ഒഴുക്കുന്നതിനെതിരെയും കര്‍ശന നടപടി സ്വീകരിക്കും. നീര്‍ച്ചാലുകളുടെ സംരക്ഷണം, പരിപാലനം, മേല്‍നോട്ടം എന്നിവയ്ക്കായി ജനകീയ പരിപാടി ആസൂത്രണം ചെയ്യും. ഇതിനായി നീര്‍ച്ചാല്‍ കമ്മിറ്റികള്‍ രൂപീകരിക്കല്‍, കുട്ടികളുടെ മേല്‍നോട്ടത്തില്‍ നീര്‍ച്ചാല്‍ പരിപാലനം മുതലായ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യും. വെള്ളം കടലില്‍ ഒഴികിയെത്തുന്നതിന് നീരൊഴുക്ക് സുഗമമാക്കും. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴില്‍, ഭക്ഷ്യം, കായികം -റെയില്‍വേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎല്‍എമാരും തിരുവനന്തപുരം മേയറും പങ്കെടുത്തു. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയില്‍വേ ഡിവിഷണല്‍ മാനേജരും യോഗത്തിലുണ്ടായി.

Top