ഓണക്കാലത്ത് ജാഗ്രത കൈവിടാതെ ബോട്ട് യാത്ര ആസ്വദിക്കാം. അനുമതിയുമായി അധികൃതർ. പൊന്നാനിയില്‍ ഒന്‍പത് ബോട്ടുകള്‍ക്കാണ് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചത്. താനൂരിലാണ് രണ്ട് സ്പീഡ് ബോട്ടുകളുള്ളത്. രേഖകൾ അനുസരിച്ച് മലപ്പുറം ജില്ലയില്‍ രണ്ട് സ്പീഡ് ബോട്ട് ഉള്‍പ്പെടെ 11 ബോട്ടുകള്‍ക്കാണ് മാരിടൈം ബോര്‍ഡ് സര്‍വീസിന് അനുമതി നൽകിയിട്ടുള്ളത്.
ഒന്നരമാസം മുന്‍പ് ബോട്ട് സുരക്ഷാകമ്മിറ്റി ഭാരതപ്പുഴയില്‍ സര്‍വീസ് നടത്തുന്ന ബോട്ടുകളുടെ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നു. 23 ബോട്ടുകള്‍ രേഖകള്‍ ഹാജറാക്കിയെങ്കിലും മതിയായ രേഖകള്‍ ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. പിന്നീട് ഒരവസരം കൂടി നൽകുകയായിരുന്നു. 11 ഉല്ലാസബോട്ടുകള്‍ അനുമതിതേടി തുറമുഖ വകുപ്പിനെ സമീപിച്ചെങ്കിലും ഒന്‍പതെണ്ണത്തിനാണ് അനുമതി ലഭിച്ചത്.
ഓണക്കാലത്ത് തിരക്ക് കൂടുമെന്നതിനാല്‍ പരിശോധന ശക്തമാക്കാന്‍ മാരിടൈം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. പുഴയോരത്തെ ജെട്ടികള്‍ നഗരസഭയുടെ നേതൃത്വത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്തും. ബോട്ടില്‍ കയറാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണവും ബോട്ടിന്റെ രജിസ്ട്രേഷന്‍ നമ്പറും ജെട്ടിയില്‍ പ്രദര്‍ശിപ്പിക്കണമെന്നും ബോട്ടിലെ യാത്രക്കാരുടെ വിവരങ്ങള്‍ യാത്ര തുടങ്ങുന്നതിനുമുന്‍പ് ജെട്ടിയില്‍ രേഖപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ALSO READ: http://‘മലയാളത്തിലെ ഏറ്റവും ബോക്സ്ഓഫീസ് ഗ്യാരന്റിയുള്ള നടനായി ആസിഫ് മാറി’; അനൂപ് മേനോൻ
രജിസ്ട്രേഷന്‍ ഇല്ലാതെ സര്‍വീസ് നടത്തിയാല്‍ അവ പിടിച്ചെടുത്ത് നശിപ്പിക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മാരിടൈം ബോര്‍ഡ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അംഗീകൃത ലൈസന്‍സ് ഇല്ലാതെ ബോട്ടുകള്‍ ഓടിച്ചാല്‍ ഓടിക്കുന്ന ആള്‍ക്കും ബോട്ടുടമയ്ക്കും എതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. യാത്രക്കാര്‍ ലൈഫ് സേവിങ് ജാക്കറ്റ് ധരിക്കുന്നുണ്ടെന്നും ബോട്ടുകളില്‍ ആവശ്യമായ ജീവന്‍രക്ഷാ ഉപകരണങ്ങളുണ്ടെന്നും അനുവദനീയമായ ആളുകള്‍ മാത്രമേ കയറുന്നുള്ളൂവെന്നും ബോട്ടുടമയും ബോട്ട് ഡ്രൈവറും ഉറപ്പാക്കണം. അനുമതിയുള്ളതിനേക്കാള്‍ അധികം യാത്രക്കാരുണ്ടെങ്കില്‍ യാത്രയില്‍നിന്ന് പിന്‍മാറണമെന്നും ,യാത്രചെയ്യുന്ന യാനം അംഗീകൃതമാണോയെന്നും യാത്രക്കാർ ഉറപ്പുവരുത്തണമെന്നും അധികൃതർ പറഞ്ഞു.