പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്

പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്
പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകള്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു. ക്യാമ്പുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.

ജില്ലയിലെ ആശുപത്രികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓരോ ദിവസവും വിശദമായി അവലോകനം ചെയ്യേണ്ടതാണ്. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ഐഎംഎയുമായുള്ള മീറ്റിംഗ് അടിയന്തരമായി ചേരണം. സംസ്ഥാന തലത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു വരുന്നു.

കണ്‍ട്രോള്‍ റൂം ഇല്ലാത്ത ജില്ലകളില്‍ അടിയന്തരമായി കണ്‍ട്രോള്‍ റൂം ആരംഭിക്കണം. ജില്ലാ തലത്തില്‍ ഒരു ആശുപത്രിയിലെങ്കിലും 8 മണി വരെ പ്രത്യേക ഫീവര്‍ ഒപി ഉണ്ടായിരിക്കണം. എല്ലാ മെഡിക്കല്‍ കോളേജിലും ഫീവര്‍ ക്ലിനിക്ക് ആരംഭിക്കും. ആശുപത്രികളില്‍ മതിയായ ജീവനക്കാരെ ഉറപ്പാക്കണം. ആവശ്യമെങ്കില്‍ അധിക ജീവനക്കാരെ ഈ കാലയളവില്‍ നിയോഗിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങള്‍, എച്ച് 1 എന്‍ 1 തുടങ്ങിയ പകര്‍ച്ചവ്യാധികളാണ് പൊതുവേ കൂടുതലായി കാണപ്പെടുന്നത്. പലയിടത്തും വെള്ളക്കെട്ടുണ്ടാകുന്നതിനാല്‍ എലിപ്പനിയ്ക്കെതിരെ വളരെയേറെ ശ്രദ്ധിക്കണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

Top