കൊല്‍ക്കത്ത: ഇന്ദിര ഗാന്ധിയെപ്പോലെ മമത ബാനര്‍ജിയെ വെടിവച്ചുകൊല്ലൂയെന്ന് വിവാദ പോസ്റ്റിട്ട വിദ്യാര്‍ത്ഥി അറസ്റ്റില്‍. ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ വ്യക്തിവിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇയാള്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. തല്തല പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കിര്‍ട്ടിസോഷ്യല്‍ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് ‘ഇന്ദിര ഗാന്ധിയെപ്പോലെ മമത ബാനര്‍ജിയെ വെടിവച്ചുകൊല്ലൂ’യെന്നാണ് വിദ്യാര്‍ഥി വിവാദ പോസ്റ്റിട്ടത്.
നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, ഞാന്‍ നിരാശനാകില്ല എന്നും വിദ്യാര്‍ഥി പോസ്റ്റില്‍ പറഞ്ഞു. തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അനുഭാവികള്‍ വിഷയം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. സാമൂഹിക അശാന്തി സൃഷ്ടിക്കുകയും സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്ന കുറ്റം ചാര്‍ത്തിയാണ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.