ഡല്‍ഹി: പുകമഞ്ഞില്‍ ശ്വാസം മുട്ടി ഡല്‍ഹി. വായു മലിനീകരണം അതീവ രൂക്ഷം. ദീപാവലി ആഘോഷങ്ങള്‍ ആരംഭിച്ചതോടെ വായുഗുണ നിലവാര നിരക്ക് വീണ്ടും 300 ന് മുകളില്‍ എത്തി. അടുത്ത രണ്ട് ദിവസങ്ങളില്‍ മലിനീകരണം കൂടുതല്‍ കടുക്കും എന്നാണ് മുന്നറിയിപ്പ്.
അതേസമയം ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ പ്രധാനകാരണം അയല്‍ സംസ്ഥാനങ്ങളിലെ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് അല്ലെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വിയോണ്‍മെന്റ് വ്യക്തമാക്കി. മലിനീകരണത്തിന്റെ 95 ശതമാനവും വാഹനങ്ങളില്‍ നിന്നുള്ള പുകയില്‍ നിന്ന് ആണെന്നാണ് റിപ്പോര്‍ട്ട്. 4.44% മാത്രമാണ് കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്നും ഉള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതിനിടെ വായു മലിനീകരണത്തില്‍ പ്രതിഷേധത്തിന്റെ ഭാഗമായി യമുന നദിയില്‍ മുങ്ങിയ ബിജെപി ഡല്‍ഹി അധ്യക്ഷന്‍ വീരേന്ദ്ര സച്‌ദേവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. യമുനയില്‍ മുങ്ങിയതിന് 48 മണിക്കൂറിന് ശേഷം ത്വക്ക് രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2025-ഓടെ യമുന ശുചീകരിക്കുമെന്ന കെജ്രിവാളിന്റെ വാഗ്ദാനം പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് വീരേന്ദ്ര സച്‌ദേവ് യമുനയില്‍ മുങ്ങിയത്.