പാലക്കാട്: കരിമ്പിൻ ജ്യൂസ് ഉണ്ടാക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി വിൽപ്പനക്കാരിയുടെ കൈ വിരലുകളറ്റു. പാലക്കാട് കൊല്ലങ്കോട് പോരിച്ചോളം വീട്ടിൽ ഉമാ മഹേശ്വരിയുടെ വിരലുകളാണ് അറ്റുപോയത്. ജ്യൂസ് അടിക്കാനായി യന്ത്രം പ്രവർത്തിപ്പിച്ചപ്പോഴാണ് അപകടം നടന്നത്. ഉമയുടെ ഷാൾ അബദ്ധത്തിൽ യന്ത്രത്തിൽ കുടുങ്ങുകയായിരുന്നു. അതിനോടൊപ്പം കയ്യും യന്ത്രത്തിൽ കുടുങ്ങി.
നാട്ടുകാരാണ് ഉമ്മയെ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. യന്ത്രത്തിൽ കുടുങ്ങിയ വിരലുകൾ ഐസ് പെട്ടിയിലിട്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും തുന്നി ചേർക്കാൻ സാധിച്ചില്ല. ഉമയെ പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
Also Read: ഗുണനിലവാരമില്ല; ചില മരുന്നുകൾ നിരോധിച്ച് ആരോഗ്യ വകുപ്പ്
വസ്ത്രത്തിനു മേൽ ഓവർക്കോട്ട് ധരിച്ചാണ് സാധരണ യന്ത്രം പ്രവർത്തിപ്പിക്കാറുള്ളത്. സംഭവ ദിവസം രാവിലെ കട തുറന്നപ്പോൾ ഒരാൾ ധൃതിയിൽ ജ്യൂസ് ചോദിച്ച് എത്തിയിരുന്നു. തുടർന്ന് ഓവർക്കോട്ട് ധരിക്കാതെ ഉമ പെട്ടെന്ന് യന്ത്രം പ്രവർത്തിപ്പിക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറഞ്ഞത്.