തിരുവനന്തപുരം; ജനങ്ങളെ അകറ്റുന്ന ശൈലി പാർട്ടി നേതാക്കൾ തിരുത്തണമെന്ന സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലെ നിർദേശം മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്ദേശിച്ചല്ലെന്നും അങ്ങനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
നേതാക്കളുടെ പെരുമാറ്റം ജനങ്ങളെ അകറ്റിയെന്നത് കേരളത്തിലെ പാർട്ടി പരിശോധിച്ച് വിലയിരുത്തിയതാണെന്നും കേന്ദ്ര കമ്മിറ്റി കണ്ടുപിടിച്ച പുതിയ രഹസ്യമൊന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു.‘തെറ്റുതിരുത്തൽ പ്രക്രിയയുടെ ഭാഗമായ നിർദേശങ്ങൾ പാർട്ടിക്കാകെ ബാധകമായ കാര്യമാണ്.
അതിൽ ഞങ്ങളെ ഒഴിവാക്കിയിട്ടില്ല. മുകൾത്തട്ടു മുതൽ താഴെ വരെയാണ്. മുഖ്യമന്ത്രിയായാലും പാർട്ടി സെക്രട്ടറിയായാലും പൊളിറ്റ്ബ്യൂറോ അംഗമായാലും തിരുത്തേണ്ട കാര്യങ്ങൾ തിരുത്തും. സംസ്ഥാന കമ്മിറ്റിയുടെ തിരഞ്ഞെടുപ്പു വിലയിരുത്തൽ കേന്ദ്ര കമ്മിറ്റി തള്ളിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ തന്നെയാണ് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലുമുള്ളത്. സർക്കാരിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മാർഗരേഖ അടുത്ത സംസ്ഥാന കമ്മിറ്റിയിൽ തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.