സുകുമാരന്റെ ഓർമകൾക്ക് ഇരുപത്തിയാറ് വയസ്സ്

സുകുമാരന്റെ ഓർമകൾക്ക് ഇരുപത്തിയാറ് വയസ്സ്

സുകുമാരൻ വേർപിരിഞ്ഞിട്ട് ഇന്നേയ്ക്ക് 26 വർഷങ്ങളാവുകയാണ്. പൊന്നാനി താലൂക്കിലെ എടപ്പാളുകാരനായ സുകുമാരൻ എംടിയുടെ ‘നിർമാല്യ’ത്തിലെ വെളിച്ചപ്പാടിന്റെ മകൻ അപ്പുവിലൂടെയാണ് മലയാള സിനിമയിൽ ഹരിശ്രീ കുറിക്കുന്നത്. കോളജ് അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച സുകുമാരൻ, എംടിയുടെ തിരക്കഥയിൽ ‘വളർത്തുമൃഗങ്ങൾ’, ‘വാരിക്കുഴി’, ‘വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ’, ‘ഉത്തരം’ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനാകാൻ തുടങ്ങി. ‘ബന്ധനം’ എന്ന ചിത്രത്തിലെ ക്ലർക്ക് ഉണ്ണികൃഷ്ണനായുള്ള അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.

സുകുമാരൻറെ ഇംഗ്ലീഷ് ഡയലോഗുകൾ പ്രേക്ഷകരെ കോരിത്തരിപ്പിച്ചു. സോമൻ, സുകുമാരൻ, ജയൻ എന്നീ താരങ്ങളുടെ ഉദയം ഒരേകാലത്താണ് സംഭവിക്കുന്നത്. ‘സ്ഫോടനം’,’മനസാ വാചാ കർമണാ’, ‘അഗ്നിശരം’,’ശാലിനി എന്റെ കൂട്ടുകാരി’ എന്നിങ്ങനെ തെളിമയും ഗരിമയുമുള്ള ഒരുപിടി കഥാപാത്രങ്ങൾ. അവസരം തേടി ഒരു നിർമാതാവിൻറെ പിന്നാലെയും സുകുമാരൻ നടന്നിട്ടില്ല. വാണിജ്യപ്രധാനമായ ചിത്രങ്ങളിലെ വേഷങ്ങൾക്കൊപ്പം തന്നെ അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളും ഒരുപോലെ അഭിനയിച്ച സുകുമാരൻ ഭാര്യ മല്ലികയ്ക്കൊപ്പം നിർമാതാവുമായി. 250 ഓളം ചിത്രങ്ങളിൽ മിന്നിത്തിളങ്ങിയ സുകുമാരൻ, ‘ഇരകൾ’, ‘പടയണി’ എന്നീ രണ്ട് സിനിമകൾ നിർമിച്ചെങ്കിലും രണ്ടുചിത്രങ്ങളും വാണിജ്യ മേഖലയിൽ കാര്യമായ ഫലം കൊയ്തില്ല. മക്കളുടെ സിനിമാപ്രവേശത്തിന് സാക്ഷിയാവാൻ കഴിഞ്ഞില്ലെങ്കിലും സുകുമാരന്റെ അതേ പാതയിലാണ് മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും.

Top