‘ജനാധിപത്യത്തിന്റെ വിജയം’; കെജ്രിവാളിന്റെ ജാമ്യത്തില്‍ രാജ്യത്തിന് നന്ദി പറഞ്ഞ് സുനിത കെജ്രിവാള്‍

‘ജനാധിപത്യത്തിന്റെ വിജയം’; കെജ്രിവാളിന്റെ ജാമ്യത്തില്‍ രാജ്യത്തിന് നന്ദി പറഞ്ഞ് സുനിത കെജ്രിവാള്‍
‘ജനാധിപത്യത്തിന്റെ വിജയം’; കെജ്രിവാളിന്റെ ജാമ്യത്തില്‍ രാജ്യത്തിന് നന്ദി പറഞ്ഞ് സുനിത കെജ്രിവാള്‍

ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ കോടതിയില്‍ നിന്നും ജാമ്യം നേടിയതിന് പിന്നാലെ പ്രതികരണവുമായി സുനിത കെജ്രിവാള്‍. എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് സുനിത ഭര്‍ത്താവായ അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ വിധിയില്‍ സന്തോഷം പ്രകടിപ്പിച്ചത്. ജനാധിപത്യത്തിന്റെ വിജയമെന്നും കോടികണക്കിന് ഇന്ത്യക്കാരുടെ പ്രാര്‍ത്ഥനയുടെ ഫലമെന്നും സുനിത പ്രതികരിച്ചു. ‘ഹനുമാന്‍ കി ജയ്’ എന്ന് തുടങ്ങിയാണ് സുനിത എക്സിലെ പോസ്റ്റ് തുടങ്ങുന്നത്.

ഇന്നാണ് ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂണ്‍ ഒന്നു വരെയാണ് സുപ്രീം കോടതി കെജ്രിവാളിന് ഇടക്കാലജാമ്യം അനുവദിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വിശദവാദം നടന്ന കേസില്‍ ജാമ്യം നല്‍കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അസാധാരണ കേസില്‍ പ്രത്യേക അധികാരമുപയോഗിച്ചാണ് തിരഞ്ഞെടുപ്പ് കാലത്ത് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുന്നതെന്നാണ് സുപ്രിംകോടതി അന്ന് നിലപാട് എടുത്തത്. കെജ്രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയാണ് കോടതി വിധി. 21 ദിവസത്തേക്കാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഇടക്കാല ജാമ്യം അനുവദിച്ചാലും ഭരണപരമായ ചുമതലകള്‍ നിര്‍വഹിക്കരുത് എന്ന് നേരത്തെ കേസ് പരിഗണിക്കവെ ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് കെജ്രിവാളിനോട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുക മൗലികാവകാശമല്ലെന്ന് ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യത്തെ ഇഡി ശക്തമായി എതിര്‍ത്തിരുന്നു. ഇടക്കാല ജാമ്യം നല്‍കുന്നത് തടയാനായി ഇന്ന് രാവിലെതന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍ ഇഡിയുടെ ഇത്തരത്തിലുള്ള പലവാദങ്ങളും തള്ളിയാണ് ഇപ്പോള്‍ കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. മാര്‍ച്ച് 21നാണ് ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.

Top