അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇന്ത്യൻ ബഹിരാകാശ യാത്രിക സുനിത വില്യംസ് കുടുങ്ങിപ്പോയിട്ട് ഇന്നേക്ക് ദിവസം അമ്പത് പിന്നിട്ടു. ജൂൺ 18ന് ഭൂമിയിൽ തിരിച്ചെത്തേണ്ട യാത്രികരാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്. അതേസമയം അവരുടെ ഇപ്പോഴും മടക്കയാത്ര തീരുമാനിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന സൂചന. സുനിത യാത്രതിരിച്ച ബോയിങ് സ്റ്റാർലൈനർ എന്ന പേടകത്തിന്റെ തകരാർ പരിഹരിക്കാൻ ഇനിയും അവിടെയുള്ള ശാസ്ത്ര സംഘത്തിന് കഴിഞ്ഞിട്ടില്ല. ജൂലൈ അവസാന വാരം എല്ലാം ശരിയാകുമെന്നായിരുന്നു ഇതുവരെ നാസ അറിയിച്ചിരുന്നതെങ്കിലും ഇനിയും ഒരാഴ്ചയെങ്കിലും നിലയത്തിൽത്തന്നെ തുടരേണ്ടിവരുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്.
നിലവിൽ സുനിതയടക്കം ഒമ്പതുപേരാണ് ബഹിരാകാശ നിലയത്തിലുള്ളത്. സ്റ്റാർ ലൈനറിന്റെ തകരാർ ഉടൻ പരിഹരിക്കാനായില്ലെങ്കിൽ നാസക്ക് മറ്റു വഴികൾ നോക്കേണ്ടിവരും. ഇലോൺ മസ്കിന്റെ സ്പേസ് എക്സിനെയാകും ഈ ഘട്ടത്തിൽ നാസ ആശ്രയിക്കുക എന്നാണ് ലഭിക്കുന്ന വിവരം.. പരമാവധി 90 ദിവസമാണ് സുനിതക്ക് നിലയത്തിൽ കഴിയാനാവുക. എന്നാൽ സുനിതയുടെ മടക്കയാത്ര അനിശ്ചിതത്വത്തിലായതോടെ ബോയിങ് വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ബഹിരാകാശ യാത്രക്ക് ഇനിയും നാസ ഇവരെ ആശ്രയിക്കുമോ എന്ന് കണ്ടറിയണം.