ന്യൂയോർക്ക്: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ജനങ്ങളെ അഭിസംബോധന ചെയ്യാനൊരുങ്ങി ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും. ബോയിംഗ് സ്റ്റാർലൈനർ ബഹിരാകാശ പേടകം മടങ്ങിയത്തെിയതിന് പിന്നാലെയാണ് വാർത്താ സമ്മേളനം നടത്താനുള്ള നാസയുടെ തീരുമാനം. ഈ മാസം 13ാം തിയതിയാണ് ബഹിരാകാശത്ത് നിന്നുള്ള ഈ കോൾ നടത്താൻ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ജൂൺ അഞ്ചിനാണ് സുനിത വില്യംസും ബുച്ച് വിൽമോറും സ്റ്റാർലൈനറിൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ എത്തുന്നത്. ഒരാഴ്ചയ്‌ക്ക് ശേഷം ഇരുവരുടേയും മടക്കയാത്രയും നിശ്ചയിച്ചിരുന്നു. എന്നാൽ സ്റ്റാർലൈനറിൽ കണ്ടെത്തിയ സാങ്കേതിക തകരാറുകളെ തുടർന്ന് യാത്ര നീട്ടി വയ്‌ക്കുകയായിരുന്നു. ദൗത്യം മാസങ്ങൾ നീണ്ടതോടെ സ്റ്റാർലൈനർ തിരികെ എത്തിക്കാൻ നാസ തീരുമാനിക്കുകയായിരുന്നു.
Also Read: ബഹിരാകാശത്ത് നിന്ന് സുനിത വില്യംസ് സാക്ഷി; സ്റ്റാർലൈനർ ഭൂമിയിൽ ഇറങ്ങി
സുരക്ഷാ പ്രശ്‌നങ്ങൾ ഉള്ളതിനാൽ സുനിത വില്യംസും ബുച്ച് വിൽമോറും ഐഎസ്എസിൽ തന്നെ തുടരുകയും ചെയ്തു. 2025 ഫെബ്രുവരിയിലായിരിക്കും ഇവരുടെ മടങ്ങിവരവ് എന്നാണ് നിലവിലെ തീരുമാനം. വെള്ളിയാഴ്ച നടത്താനിരിക്കുന്ന കോൺഫറൻസിൽ സുനിത വില്യംസും, ബുച്ച് വിൽമോറും ദൗത്യത്തിലെ അനുഭവങ്ങൾ ഉൾപ്പെടെ പങ്കുവയ്‌ക്കുമെന്നാണ് വിവരം.
നിശ്ചയിക്കപ്പെട്ടതിലും അധികം ദിവസം ഐഎസ്എസിൽ താമസിക്കുന്നത് വഴി സംഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും വെല്ലുവിളികളുമെല്ലാം ചർച്ചയാകും. ഐഎസ്എസിൽ നടത്തുന്ന ഗവേഷണങ്ങളെക്കുറിച്ചും, അവിടുത്തെ ജീവിതരീതികൾ സംബന്ധിച്ചുള്ള വിവരങ്ങളുമെല്ലാം ഇവർ കൈമാറും. ഏതാനും ദിവസങ്ങൾക്കുള്ളിൽ പുറപ്പെടുന്ന സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗൺ പേടകത്തിലാണ് ഫെബ്രുവരിയിൽ മടക്കയാത്ര നടത്തുന്നത്