സുനിത വില്യംസിന്റെയും ബച്ച് വിൽമോറിന്റെയും യാത്ര വൈകും; 2025 ഫെബ്രുവരിയിൽ തിരിച്ചെത്തും

സുനിത വില്യംസിന്റെയും ബച്ച് വിൽമോറിന്റെയും യാത്ര വൈകും; 2025 ഫെബ്രുവരിയിൽ തിരിച്ചെത്തും
സുനിത വില്യംസിന്റെയും ബച്ച് വിൽമോറിന്റെയും യാത്ര വൈകും; 2025 ഫെബ്രുവരിയിൽ തിരിച്ചെത്തും

വാഷിങ്ടൺ: ബഹിരാകാശ സഞ്ചാരിയും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസിന്റെയും സഹയാത്രികനായ ബച്ച് വില്‍മോറിന്റെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്നുള്ള തിരിച്ചുവരവ് ഇനിയും നീളും. 10 ദിവസത്തെ ദൗത്യത്തിനായാണ് ഇരുവരും ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശത്തിലെത്തിയത്.

ജൂണ്‍ ആറിനാണ് സുനിത വില്യംസും ബച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ഒരാഴ്ചത്തെ യാത്ര ഷെഡ്യൂള്‍ ചെയ്തിട്ടാണ് ഇരുവരും ബഹിരാകാശ യാത്ര നടത്തിയതെങ്കിലും സാങ്കേതിക തകരാറുകള്‍ കാരണം രണ്ട് വട്ടം യാത്ര മാറ്റിവെക്കുകയായിരുന്നു. ജൂണ്‍13നായിരുന്നു സുനിതയുടെയും വില്‍മോറിന്റെയും മടക്കയാത്ര ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സ്പേസ് ബഗ് അണുബാധയും മറ്റ് സാങ്കേതിക പ്രശ്നങ്ങളും മുന്‍നിര്‍ത്തി യാത്ര രണ്ടാഴ്ചത്തേക്കു മാറ്റിവെച്ചു. തുടര്‍ന്ന് ജൂണ്‍ 26ന് യാത്ര തീരുമാനിച്ചെങ്കിലും പേടകത്തിലെ ഹീലിയം വാതകം ചോര്‍ച്ച കാരണം അതും മാറ്റിവെക്കുകയായിരുന്നു.

എട്ട് ദിവസത്തിനുള്ളിൽ ദൗത്യം പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്താനാണ് സുനിത വില്യംസും വിൽമോറും ലക്ഷ്യമിട്ടത്. എന്നാൽ, പേടകത്തിന്റെ തകരാർ കണക്കുകൂട്ടലുകൾ തെറ്റിക്കുകയായിരുന്നു.

സ്​പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിൽ രണ്ട് സീറ്റുകൾ ഒഴിച്ചിടാനുള്ള ചർച്ചകൾ നാസ കമ്പനിയുമായി തുടങ്ങിയെന്നാണ് റിപ്പോർട്ട്. സ്​പേസ് എക്സിന്റെ ക്രൂ-9 മിഷന്റെ ഭാഗമായിട്ടാവും പേടകം ശാസ്ത്രജ്ഞരുമായി ബഹിരാകാ​ശത്തേക്ക് കുതിക്കുക. 2024 സെപ്റ്റംബറിലാവും പേടകത്തിന്റെ വിക്ഷേപണം നടത്തുക. 2025 ഫെബ്രുവരിയിൽ ഭൂമിയിലേക്ക് തിരിച്ചെത്തും.

അതേസമയം, ഇരുവരും സ്റ്റാർലൈനറിൽ മടങ്ങിയില്ലെങ്കിൽ അത് ബോയിങ്ങിനും കനത്ത തിരിച്ചടിയുണ്ടാക്കും. സ്റ്റാർലൈനർ പേടകത്തിന്റെ നിർമാണത്തിനായി 1.6 ബില്യൺ ഡോളർ 2016ന് ശേഷം ബോയിങ് ചെലവഴിച്ചിട്ടുണ്ട്. ഇതിൽ ഈ മിഷന് വേണ്ടി മുടക്കിയ 125 മില്യൺ ഡോളറും വരും.

Top