വിക്ഷേപണത്തിന് മൂന്ന് മിനിറ്റ് ശേഷിക്കേ സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്ര മാറ്റി

വിക്ഷേപണത്തിന് മൂന്ന് മിനിറ്റ് ശേഷിക്കേ സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്ര മാറ്റി

ന്യൂഡല്‍ഹി: സുനിതാ വില്യംസിന് മൂന്നാം ബഹിരാകാശയാത്രയ്ക്ക് ഇനിയും കാത്തിരിക്കണം. പേടകം കുതിക്കാന്‍ മൂന്ന് മിനിറ്റ് 51 സെക്കന്റ് മാത്രം ശേഷിക്കേ വിക്ഷേപണം മാറ്റിവെയ്ക്കുകയായിരുന്നു. മനുഷ്യരെ വഹിച്ചുള്ള നാസയുടെ ബഹിരാകാശ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ആദ്യ വിക്ഷേപണം ഇത് രണ്ടാം തവണയാണ് മാറ്റി വെയ്ക്കുന്നത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്.

കഴിഞ്ഞ മെയ് ആറിനായിരുന്നു ആദ്യം വിക്ഷേപണം തീരുമാനിച്ചിരുന്നത്. അന്നും ലിഫ്റ്റ് ഓഫിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സാങ്കേതിക തകരാര്‍ കണ്ടുപിടിച്ച് വിക്ഷേപണം മാറ്റിവെച്ചത്. സുനിത വില്യംസിനൊപ്പം നാസയുടെ ബഹിരാകാശ സഞ്ചാരികളായ മുന്‍ യു.എസ് നേവി ക്യാപ്റ്റന്‍ ബാരി ബച്ച് വില്‍മോറാണ് ബഹിരാകാശ യാത്ര നടത്തുന്നത്. ഇരുവരും സുരക്ഷിതരാണ്.

സുനിത വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണ് ഇത്. 2006 ഡിസംബര്‍ ഒമ്പതിനാണ് സുനിത തന്റെ ആദ്യത്തെ ബഹിരാകാശ യാത്ര നടത്തിയത്. ഡിസ്‌കവറി എന്ന ബഹിരാകാശ പേടകത്തിലായിരുന്നു ആദ്യ യാത്ര. 2012ല്‍ രണ്ടാമത്തെ യാത്രയും പൂര്‍ത്തിയാക്കിയ സുനിത ബഹിരാകാശത്ത് 322 ദിവസം ചെലവഴിച്ച വനിതയാണ്.

Top