CMDRF

സൂര്യനിലെ സൗരകളങ്കം ; ഭൂമിയിലെ വൈദ്യുതി ശൃംഖലകളെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

സൂര്യനിലെ സൗരകളങ്കം ; ഭൂമിയിലെ വൈദ്യുതി ശൃംഖലകളെ ബാധിക്കുമെന്ന് മുന്നറിയിപ്പ്
സൂര്യനിലെ സൗരകളങ്കം ; ഭൂമിയിലെ വൈദ്യുതി ശൃംഖലകളെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

പത്തനംതിട്ട: ഭൂമിയുടെ 17 മടങ്ങ് വലുപ്പമുള്ള അതിഭീമന്‍ സൗരകളങ്കം സൂര്യനില്‍ രൂപപ്പെട്ടതായി യുഎസിലെ നോവ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ അറിയിച്ചു. സൂര്യനില്‍നിന്നുള്ള സൗരകളങ്കം (സണ്‍ സ്‌പോട്ട്) ഭൂമിയിലെ വൈദ്യുതി ശ്യംഖലകളെയും വാര്‍ത്താ വിനിമയ സംവിധാനങ്ങളെയും ബാധിക്കുമെന്നു മുന്നറിയിപ്പ്. സൂര്യനിലെ കാന്തമണ്ഡലച്ചുഴികളാണു സൂര്യകളങ്കങ്ങളായി അറിയപ്പെടുന്നത്. ഇതിനു മുന്‍പ് 2003 ഒക്ടോബറിലാണ് ഇത്രയും തീവ്രമായ, കൊറോണല്‍ മാസ് ഇജക്ഷന്‍ എന്ന സൗരകാന്തിക കാറ്റ് ഉണ്ടായത്. മുന്‍പും സൂര്യകളങ്കങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇത്ര വലുത് അത്യപൂര്‍വമാണ്.

AR3664 എന്ന് പേരിട്ടിരിക്കുന്ന ഈ കളങ്കം മേയ് ആദ്യവാരം മുതലാണ് കൂടുതല്‍ തെളിയാന്‍ തുടങ്ങിയത്. നഗ്‌നനേത്രം കൊണ്ടു തന്നെ കാണാവുന്ന വലുപ്പമുണ്ടെങ്കിലും അംഗീകൃത സൗരഫില്‍ട്ടറുകള്‍ ഇല്ലാതെ സൂര്യനെ നോക്കുന്നത് അപകടമാണ്. സൗരോപരിതലത്തിനേക്കാള്‍ അല്‍പം ചൂട് കുറഞ്ഞ സ്ഥലമാണ് കളങ്കങ്ങളെന്ന് അമച്വര്‍ വാനനിരീക്ഷകന്‍ സുരേന്ദ്രന്‍ പുന്നശ്ശേരി പറഞ്ഞു. ഓരോ 11 വര്‍ഷത്തിലും ഇവ വര്‍ധിക്കുന്നതായി കാണാറുണ്ട്. ഇവ വിവിധ സൈക്കിളുകളായാണ് അറിയപ്പെടുന്നത്. ഏതാനും വര്‍ഷങ്ങളായി നാം കാണുന്ന സൂര്യകളങ്കങ്ങള്‍ സൈക്കിള്‍ 25 ന്റെ ഭാഗമാണ്. ഈ സൈക്കിളിലെ ഏറ്റവും വലുപ്പത്തില്‍ കാണപ്പെടുന്ന സൂര്യകളങ്കമാണ് AR3664.

സൂര്യകളങ്കങ്ങളോടനുബന്ധിച്ച് അതിശക്തമായ സൗരജ്വാലകള്‍ ഉണ്ടാകാറുണ്ട്. ഇവ ചാര്‍ജ് കണങ്ങളുടെ മഹാപ്രവാഹമായിരിക്കും. ചിലപ്പോഴവ ഭൂമിയുടെ നേര്‍ക്കും വരാറുണ്ട്. അത്തരം സമയങ്ങളില്‍ ഭൂമിയുടെ ധ്രുവമേഖലയില്‍ വര്‍ണാഭമായ ധ്രുവദീപ്തികള്‍ (അറോറ) പ്രത്യക്ഷപ്പെടും. ഈ ശക്തമായ കണങ്ങള്‍ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളെ താറുമാറാക്കാനും ഇടയുണ്ട്. ഭൂമിയിലെ വൈദ്യുത വിതരണശൃംഖല തടസ്സപ്പെടാനും ഇതുകാരണമാകും. അതുകൊണ്ടു ശാസ്ത്രലോകം സൂര്യകളങ്കങ്ങളെ ഗൗരവമായാണു കാണുന്നത്. ഭൂമിയിലെ ചൂട്, മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങള്‍ എന്നിവയില്‍ സൂര്യകളങ്കങ്ങള്‍ക്ക് പങ്കുണ്ടോ എന്നതു സംബന്ധിച്ച് ശാസ്ത്രലോകം പഠിക്കുന്നുണ്ട്.

ഒന്‍പതാം തീയതിയോടെ സൂര്യനില്‍നിന്നു വന്‍ സൗരവാതം പുറത്തേക്കു വന്നതായാണ് ബഹിരകാശ കാലാവസ്ഥയെപ്പറ്റി മുന്നറിയിപ്പ് നല്‍കുന്ന യുഎസ് സംഘടനയായ നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്ട്രഷന്‍ എന്ന നോവ പറയുന്നത്. ഇതു ഞായര്‍ വരെ തുടരും. ഇത്തവണത്തെ സൗരവാതം കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും ശക്തമായതാണെന്ന് നോവ മേധാവി ക്ലിന്റന്‍ വലസ് വിശദീകരിച്ചു. ജി ഒന്നു മുതല്‍ 5 വരെയുള്ള പട്ടിക പ്രകാരം ആണ് സൗരവാത തീവ്രത അളക്കുന്നത്. ഇതനുസരിച്ചു ജി നാലിനു മുകളിലാണ് ഇപ്പോഴത്തെ തീവ്രത.

വിമാന സര്‍വീസുകള്‍, ഉപഗ്രഹ ചലനം, വിദൂര നിയന്ത്രിത ജിപിഎസ്, വൈദ്യുതി ഗ്രിഡുകള്‍, വോള്‍ടേജ് തുടങ്ങിയ സംവിധാനങ്ങളെ ഇതു ബാധിക്കും. നിലവില്‍ ആശങ്കയ്ക്ക് ഇടയില്ല എന്നാണു സൂചനയെങ്കിലും യുഎസും മറ്റും സ്ഥിതി സസൂക്ഷ്മമം നിരീക്ഷിച്ചു വരികയാണ്.

Top