കോഴിക്കോട്: സൂപ്പർ ലീഗ് കേരളയിലെ മൂന്നാം മത്സരത്തിൽ ഇന്ന് കാലിക്കറ്റ് എഫ്‌സി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയെ നേരിടും. കാലിക്കറ്റ് എഫ്‌സിയുടെ ഹോം ഗ്രൗണ്ടായ ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. വൈകുന്നേരം ഏഴ് മണി മുതലാണ് മത്സരം. 2021-22 സീസണിൽ കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത ജിജോ ജോസഫ് നയിക്കുന്ന കാലിക്കറ്റ് എഫ്സിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ താരമായിരുന്ന കെർവൻസ് ബെൽഫോർട്ടാണ് പ്രധാന സ്‌ട്രൈക്കർ.
ബെൽഫോർട്ടിനെ കൂടാതെ സെനഗൽ താരങ്ങളായ പാപെ ഡയകെറ്റ്, ബോബാകർ സിസോകോ, ഘാന താരങ്ങളായ ജെയിംസ് അഗ്യേകം കൊട്ടെയ്, റിച്ചാർഡ് ഒസെയ് അഗ്യെമാങ്, ഏണസ്റ്റ് ബാർഫോ എന്നിവരാണ് ടീമിലെ മറ്റ് വിദേശ താരങ്ങൾ. അബ്ദുൾ ഹക്കു, താഹിർ സമാൻ, വി അർജുൻ തുടങ്ങിയ മലയാളി താരങ്ങളും ടീമിന് കരുത്തേകും.
മറുവശത്ത് തിരുവന്തന്തപുരം കൊമ്പൻസും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആദ്യ മത്സരത്തിൽ ജയം ഉറപ്പിച്ചാണ് അവർ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ മത്സരിക്കാനിറങ്ങുന്നത്. ബ്രസീലിയൻ താരമായ പാട്രിക് മോത്തയാണ് ടീമിന്റെ നായകൻ. നായകനുൾപ്പെടെ ആറ് താരങ്ങളും ബ്രസീലിൽ നിന്നുള്ളവരാണ്. ഡാവി ഖുൻ, മൈക്കൽ അമേരികോ, റെനാൻ ജനോറിയോ, ഓട്ടോമെർ ബിസ്പോ, മാർകോസ് വിൽഡർ എന്നിവരാണ് ടീമിലെ വിദേശ താരങ്ങൾ.
Also read: കാലിക്കറ്റ് എഫ് സിയുടെ ബ്രാന്‍ഡ് അംബാസഡറായി ബേസില്‍ ജോസഫ്
ഇന്നലെ നടന്ന സൂപ്പർ ലീഗ് കേരളയിലെ രണ്ടാം മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് തൃശൂർ മാജിക്ക് എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. മലപ്പുറം എഫ്‌സിയും നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫോഴ്‌സ എഫ്‌സി കൊച്ചിയും തമ്മിൽ നടന്ന സൂപ്പർ ലീഗിലെ പ്രഥമ മത്സരത്തിൽ മലപ്പുറം എഫ്‌സി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചിരുന്നു.