CMDRF

കളിക്കളത്തിലേക്ക് തിരിച്ചു വരാൻ സൂപ്പര്‍ താരം ലയണല്‍ മെസി

സുവാരസിനൊപ്പം പരിക്ക് മാറിയെത്തുന്ന മെസിയും കൂടിയെത്തുമ്പോള്‍ ഇന്റര്‍ മയാമി കൂടുതല്‍ ശക്തരായി മാറുമെന്നുറപ്പാണ്

കളിക്കളത്തിലേക്ക് തിരിച്ചു വരാൻ സൂപ്പര്‍ താരം ലയണല്‍ മെസി
കളിക്കളത്തിലേക്ക് തിരിച്ചു വരാൻ സൂപ്പര്‍ താരം ലയണല്‍ മെസി

രിക്കേറ്റ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ട്. മെസി ഇന്റര്‍ മയാമിക്കൊപ്പം പരിശീലനം നടത്താന്‍ തിരിച്ചെത്തിയെന്നാണ് മാധ്യമപ്രവര്‍ത്തകനായ ഗാസ്റ്റണ്‍ എഡൂള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശാരീരികമായി അസുഖം ഉണ്ടായിരുന്നിട്ടും അര്‍ജന്റൈന്‍ ഇതിഹാസം പരിശീലനത്തിനായി എത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്റര്‍മയാമിയുടെ വരാനിരിക്കുന്ന രണ്ടു മത്സരങ്ങളില്‍ ഏതെങ്കിലും ഒരു മത്സരത്തില്‍ താരം കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെയുള്ള മത്സരത്തിലായിരുന്നു മെസിക്ക് പരിക്കു പറ്റിയിരുന്നത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ പരിക്കേറ്റ മെസി പരിക്കിനെ വകവയ്ക്കാതെ വീണ്ടും കളിക്കുകയായിരുന്നു.

എന്നാല്‍ രണ്ടാം പകുതിയില്‍ പരിക്ക് കൂടുതല്‍ വഷളായതോടെ മെസി മത്സരം പൂര്‍ത്തിയാക്കാനാവാതെ കളം വിടുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് 2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമില്‍ ഇടം നേടാനും മെസിക്ക് സാധിച്ചില്ല.

Also Read: “നിങ്ങളുടെ കായിക ഇനമോ ജോലിയോ മാറണമെന്ന് തോന്നിയാല്‍ അതിനൊട്ടും വൈകരുത്”; ഹര്‍മിലന്‍ ബെയ്ന്‍സ്

മെസിയുടെ അഭാവത്തില്‍ ഇന്റര്‍ മയാമി ലീഗ്‌സ് കപ്പില്‍ നിന്നും പുറത്തായിരുന്നു. അതുകൊണ്ട് തന്നെ ലീഗ് കിരീടം നഷ്ടപ്പെടാതിരിക്കാന്‍ മയാമി മികച്ച പ്രകടങ്ങള്‍ നടത്തുമെന്നുറപ്പാണ്. മെസിയുടെ അഭാവത്തില്‍ മയാമിയുടെ മുന്നേറ്റനിരയില്‍ ഗോളടിച്ചു കൂട്ടാനുള്ള ഉത്തരവാദിത്വം സൂപ്പര്‍താരം ലൂയി സുവരാസ് കൃത്യമായി നിര്‍വഹിക്കുകയായിരുന്നു.

എം.എല്‍.എസില്‍ ഈ സീസണില്‍ 19 മത്സരങ്ങളില്‍ നിന്നും 14 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് സുവാരസ് നേടിയത്. സുവാരസിനൊപ്പം പരിക്ക് മാറിയെത്തുന്ന മെസിയും കൂടിയെത്തുമ്പോള്‍ ഇന്റര്‍ മയാമി കൂടുതല്‍ ശക്തരായി മാറുമെന്നുറപ്പാണ്.

നിലവില്‍ മേജര്‍ ലീഗ് സോക്കര്‍ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ 27 മത്സരങ്ങളില്‍ നിന്നും 18 വിജയവും അഞ്ച് സമനിലയും നാല് തോല്‍വിയുമടക്കം 59 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് മയാമി. സെപ്റ്റംബര്‍ 15നാണ് മയാമി തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ചെയ്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഫിലാല്‍ഡല്‍ഫിയയാണ് മയാമി നേരിടുക.

Top