‘ബുള്‍ഡോസറുകള്‍ ഓടുന്നത് രാജ്യത്തെ നിയമവ്യവസ്ഥയ്ക്കുമേല്‍’; സുപ്രീം കോടതി

ഗുജറാത്തിലെ ഖേഡ ജില്ലയിലെ ജാവേദ് അലി മെഹബൂബാമിയ സയീദ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം

‘ബുള്‍ഡോസറുകള്‍ ഓടുന്നത് രാജ്യത്തെ നിയമവ്യവസ്ഥയ്ക്കുമേല്‍’; സുപ്രീം കോടതി
‘ബുള്‍ഡോസറുകള്‍ ഓടുന്നത് രാജ്യത്തെ നിയമവ്യവസ്ഥയ്ക്കുമേല്‍’; സുപ്രീം കോടതി

ഡല്‍ഹി: ബുള്‍ഡോസര്‍ രാജിനെതിരേ വീണ്ടും സുപ്രീം കോടതി. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുടെ വസ്തുവകകള്‍ പൊളിക്കുന്നതില്‍ അര്‍ഥമില്ലെന്നും ഇത്തരം നടപടികള്‍ ഉണ്ടായാല്‍ അത് നിയമവ്യവസ്ഥയ്ക്കു മുകളിലൂടെയുള്ള ബുള്‍ഡോസര്‍ ഓടിക്കലായി കണക്കാക്കാമെന്നും കോടതി നിരീക്ഷിച്ചു. ഗുജറാത്തിലെ ഖേഡ ജില്ലയിലെ ജാവേദ് അലി മെഹബൂബാമിയ സയീദ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ ഋഷികേശ് റോയ്, സുധാന്‍ഷു ധുലിയ, എസ്.വി.എന്‍ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

തനിക്കെതിരേ കേസെടുത്തതിന് പിന്നാലെ, മുന്‍സിപ്പാലിറ്റി ജീവനക്കാര്‍ തന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം. പരമോന്നതമായ നിയമസംവിധാനമുള്ള രാജ്യത്ത് ഇത്തരം പൊളിക്കല്‍ പ്രവൃത്തികള്‍ കണ്ടില്ലെന്ന് നടിക്കാവില്ലെന്ന് പറഞ്ഞ കോടതി, ഇത്തരം നടപടികള്‍ രാജ്യത്തെ നിയമത്തിനു മുകളിലൂടെയുള്ള ബുള്‍ഡോസര്‍ ഓടിക്കലായി കണക്കാക്കപ്പെടുമെന്നും വിമര്‍ശിച്ചു.

കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് നോട്ടീസയച്ച കോടതി, നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സയീദിന്റെ വീട് പൊളിക്കരുതെന്നും നിര്‍ദേശിച്ചു.ക്രിമിനല്‍ക്കേസ് പ്രതികളുടെ വീടുകള്‍ ബുള്‍ഡോസറുപയോഗിച്ച് തകര്‍ക്കുന്ന സംഭവങ്ങള്‍ക്കെതിരേ സുപ്രീംകോടതി സെപ്റ്റംബര്‍ രണ്ടിനും രംഗത്തുവന്നിരുന്നു. വിഷയത്തില്‍ രാജ്യവ്യാപകമായി നടപ്പാക്കാനുള്ള മാര്‍ഗരേഖയുണ്ടാക്കുമെന്ന് ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, കെ.വി. വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

ഒരാള്‍ പ്രതിയോ കുറ്റവാളിയോ ആണെന്നകാരണത്താല്‍ അയാളുടെ വീട് പൊളിച്ചുകളയുന്നതെങ്ങനെയെന്നായിരുന്നു സുപ്രീംകോടതി അന്ന് ചോദിച്ചത്. കേസ് ഈ മാസം 17-ലേക്കുമാറ്റിയ കോടതി, മാര്‍ഗരേഖയ്ക്കാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും ഹര്‍ജിക്കാരോടാവശ്യപ്പെട്ടിരുന്നു.

Top