ന്യൂഡൽഹി: രാജ്യത്തെ വായുമലിനീകരണം സംബന്ധിച്ച ഹർജികൾ പരിഗണിക്കവേ സുപ്രീം കോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. ഡൽഹിയിൽ നിർമാണ പ്രവൃത്തികൾ നിരോധിച്ചിരിക്കുകയാണ്, എന്നാൽ സുപ്രീംകോടതി വളപ്പിൽ നിർമാണങ്ങൾ നടക്കുന്നുണ്ടെന്ന മുതിർന്ന അഭിഭാഷകന്റെ വെളിപ്പെടുത്തലാണ് ഹർജികൾ പരിഗണിച്ച ബെഞ്ചിനെ ഞെട്ടിച്ചത്.
തലസ്ഥാനത്തെ വായുഗുണനിലവാര സൂചികയിലെ തകർച്ച പരിശോധിക്കുന്നതിൽ കാലതാമസം ഉണ്ടാക്കിയ എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനെയും സംസ്ഥാന സർക്കാരിനേയും ജസ്റ്റിസുമാരായ എ.എസ്.ഒക്ക, എ.ജി.മസിഹ് എന്നിവരുടെ ബെഞ്ച് വിമർശിക്കുന്നതിനിടെ ആയിരുന്നു സംഭവം.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനും പൊളിക്കുന്നതിനും നിരോധമുണ്ട്. എന്നാൽ ആരെങ്കിലും ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടോ? സൈറ്റിൽ പോയി ആരെങ്കിലും പരിശോധിക്കുന്നുണ്ടോ? ജസ്റ്റിസ് ഒക്ക ചോദിച്ചു. ഇതിനിടെ, തലസ്ഥാനത്ത് നിർമാണ പ്രവൃത്തികൾ നിരോധിച്ചിട്ടും സുപ്രീംകോടതി വളപ്പിൽ നിർമാണങ്ങൾ നടക്കുന്നുവെന്ന് ഹർജിക്കാരിൽ ഒരാൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ മറുപടി നൽകി.
Also Read: വായു ഗുണനിലവാരം 500ൽ താഴെ; 10, 12 ക്ലാസ്സുകൾ അടക്കം ഓണ്‍ലൈനാക്കി
കോടതി 11-ന് പുറത്ത് കല്ലുകൾ പൊട്ടിക്കുന്നുണ്ടെന്നും നിർമാണ പ്രവൃത്തികൾ നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, അന്തരീക്ഷത്തിലേക്ക് പൊടിപടലങ്ങൾ ഉയരുന്നതായും പറഞ്ഞു. ഇതുകേട്ടതോടെ ജസ്റ്റിസ് എ.എസ്.ഒക്ക ഞെട്ടി. ‘എന്ത്? കോടതിയിൽ വരാൻ അഭ്യർഥിച്ചുകൊണ്ട് സെക്രട്ടറി ജനറലിന് ഒരു ഫ്ലാഷ് സന്ദേശം അയയ്ക്കുക’, അദ്ദേഹം നിർദേശിച്ചു.
ആറുദിവസമായി തുടര്‍ച്ചയായി കനത്ത പുകമഞ്ഞിന്റെ വലയമാണ് ഡല്‍ഹിയിലാകെ. കാഴ്ചപരിധി 150 മീറ്ററായി കുറഞ്ഞു. പുകമഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡല്‍ഹിയിലെ വായുനിലവാര സൂചിക 481 എന്ന നിലയിലേക്കാണ് കഴിഞ്ഞദിവസം ഉയർന്നത്.