ബ്രസീലില്‍ കഞ്ചാവ് കൈവശം വെക്കുന്നത് കുറ്റകരമല്ലാതാക്കി സുപ്രീം കോടതി

ബ്രസീലില്‍ കഞ്ചാവ് കൈവശം വെക്കുന്നത് കുറ്റകരമല്ലാതാക്കി സുപ്രീം കോടതി
ബ്രസീലില്‍ കഞ്ചാവ് കൈവശം വെക്കുന്നത് കുറ്റകരമല്ലാതാക്കി സുപ്രീം കോടതി

റിയോ ഡി ജനീറോ: ബ്രസീലില്‍ കഞ്ചാവ് കൈവശം വെക്കുന്നതിന് സുപ്രീം കോടതിയുടെ അനുമതി. ഇതോടെ കഞ്ചാവിന്റെ വ്യക്തിഗത ഉപയോഗം അനുവദിക്കുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ നിരയിലേക്ക് ബ്രസീലും കടന്നു. 11 അംഗ സുപ്രീംകോടതിയിലെ ഭൂരിപക്ഷം ജഡ്ജിമാരും തീരുമാനത്തെ അനുകൂലിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 2015 മുതല്‍ ഇതിനുള്ള ചര്‍ച്ചകള്‍ ബ്രസീലില്‍ നടന്നു വരികയായിരുന്നു. അതേസമയം, കഞ്ചാവ് വില്‍ക്കുന്നത് നിയമവിരുദ്ധമായി തന്നെ തുടരുമെന്നും സുപ്രീംകോടതി അറിയിച്ചു.

എത്രത്തോളം കഞ്ചാവ് കൈവശം വെക്കാമെന്നതില്‍ സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് ഉത്തരവുകളൊന്നും പുറത്ത് വന്നിട്ടില്ല. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2006ല്‍ ബ്രസീല്‍ കോണ്‍ഗ്രസില്‍ ചെറിയ അളവില്‍ ലഹരി കൈവശം വെക്കുന്നവര്‍ക്കെതിരെയും പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കടക്കുന്നതിനായി നിയമം പാസാക്കിയിരുന്നു. നിയമം നിലവില്‍ വന്നതിന് പിന്നാലെ ലഹരി കൈവശം വെച്ചതിന് നിരവധി പേരെ ബ്രസീല്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം മെഡിക്കല്‍ ട്രീറ്റ്‌മെന്റിനായി കഞ്ചാവ് വളര്‍ത്താന്‍ രോഗികള്‍ക്ക് ബ്രസീല്‍ കോടതി അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം പുറത്ത് വന്നിരിക്കുന്നത്. മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെല്ലാം ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെക്കുന്നത് കുറ്റകരമല്ലാതാക്കിയപ്പോഴും ബ്രസീലില്‍ അത് നിയമവിരുദ്ധമായി തുടര്‍ന്നിരുന്നു.

Top