റാബീസ് വാക്‌സിന്റെ ഫലപ്രാപ്തി: കേന്ദ്രത്തിന്റെയും കേരളത്തിന്റെയും നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി

ചര്‍ച്ചകള്‍ തുടരുമ്പോള്‍ വിലയേറിയ ജീവനുകള്‍ നഷ്ടപ്പെടുകയാണെന്ന് കോടതി നിരീക്ഷിച്ചു

റാബീസ് വാക്‌സിന്റെ ഫലപ്രാപ്തി: കേന്ദ്രത്തിന്റെയും കേരളത്തിന്റെയും നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി
റാബീസ് വാക്‌സിന്റെ ഫലപ്രാപ്തി: കേന്ദ്രത്തിന്റെയും കേരളത്തിന്റെയും നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി

ഡല്‍ഹി: പേവിഷബാധ പ്രതിരോധ വാക്‌സിനുകളുടെ ഫലപ്രാപ്തി സംബന്ധിച്ച ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാത്ത കേന്ദ്രത്തിന്റെയും കേരളത്തിന്റെയും നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. പേവിഷ ബാധയ്‌ക്കെതിരെ റാബീസ് വാക്‌സിനുകളുടെ കുത്തിവെയ്പ്പിന്റെയും ചികിത്സയുടേയും ഫലപ്രാപ്തിയെക്കുറിച്ചുള്ള ആശങ്ക അറിയിച്ച് കേരളാ പ്രവാസി അസോസിയേഷന്‍ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ചര്‍ച്ചകള്‍ തുടരുമ്പോള്‍ വിലയേറിയ ജീവനുകള്‍ നഷ്ടപ്പെടുകയാണെന്ന് കോടതി നിരീക്ഷിച്ചു. നീണ്ട കാലതാമസത്തില്‍ അതൃപ്തി രേഖപ്പെടുത്തി.

കേസ് രണ്ട് വര്‍ഷമായി നീളുകയാണ്. ജസ്റ്റിസ് സി.ടി രവികുമാര്‍, ജസ്റ്റിസ് സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിമര്‍ശം ഉന്നയിച്ചത്. ഹര്‍ജിയില്‍ മറുപടിയ്ക്കായി കേന്ദ്രം കൂടുതല്‍ സമയം തേടിയതോടെയാണ് കോടതി വിമര്‍ശിച്ചത്. പ്രശ്‌നം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നും കേന്ദ്രം വിശദീകരിച്ചു. എന്നാല്‍ ആലോചനകള്‍ തീരും വരെ നായ്ക്കള്‍ കടിക്കാന്‍ കാത്തിരിക്കില്ലെന്ന് കോടതി പറഞ്ഞു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറിയും കേരള ചീഫ് സെക്രട്ടറിയും ആറാഴ്ചയ്ക്കകം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. അല്ലെങ്കില്‍, അടുത്ത വാദം കേള്‍ക്കല്‍ തീയതിയില്‍ ഇരുവരും കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി പറഞ്ഞു. കേരള പ്രവാസി അസോസിയേഷനായി അഭിഭാഷകരായ കുര്യാക്കോസ് വര്‍ഗീസ്, ശ്യാം മോഹനന്‍ എന്നിവര്‍ ഹാജരായി. കേരളാ പ്രവാസി അസോസിയേഷന്‍ ചെയര്‍മാന്‍ രാജേന്ദ്രന്‍ വെള്ളപാലത്തും, പ്രസിഡന്റ് അശ്വനി നമ്പാറമ്പത്തുമാണ് ഹര്‍ജി നല്‍കിയത്.

Top