സർക്കാർ ജോലികളിൽ ഏർപ്പെടുത്തിയ സംവരണത്തിനെതിരായ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ വിദ്യർഥികളെ അനുനയിപ്പിക്കാൻ വിധിയുമായി സുപ്രീം കോടതി. രാജ്യം കലാപമണ്ണാവാൻ കാരണമായ വിവാദ ഉത്തരവ് രാജ്യത്തെ സുപ്രീം കോടതി തിരുത്തി, എന്നാൽ റദ്ധാക്കിയിട്ടില്ല. 1971 ലെ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ കുടുംബത്തിൽ നിന്നുള്ള യുവാക്കൾക്ക് 30 ശതമാനം സംവരണം ഏർപ്പെടുത്തിയതായായിരുന്നു ഉത്തരവ്. എന്നാൽ സംവരണത്തിൽ കോടതി ഇളവ് കൊണ്ടുവന്നു. 30 ശതമാനത്തിൽ നിന്ന് സംവരണം 5 ശതമാനമായാണ് സുപ്രീം കോടതി കുറച്ചത്.
ജൂലൈ ഒന്നിന് രാജ്യത്തെ പരമോന്നത കോടതി വിമുക്ത ഭടന്മാരുടെ ആവശ്യം അംഗീകരിച്ച് സംവരണം ശരിവച്ചതിന് പിന്നാലെയാണ് സമരം തുടങ്ങിയത്. ധാക്ക സർവകലാശാലയിൽ നിന്നാരംഭിച്ച പ്രതിഷേധം പിന്നെ വ്യാപിക്കുകയായിരുന്നു. രാജ്യത്തെ ഔദ്യോഗിക ചാനലായ ബിടിവിയുടെ ആസ്ഥാനം പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയിരുന്നു. എട്ട് ജില്ലകളിലേക്ക് ഇതിനോടകം പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. ട്രെയിൻ സർവീസുകളെ പ്രക്ഷോഭം സാരമായി ബാധിച്ചു.