CMDRF

സ്വകാര്യ കോളേജിലെ ഹിജാബ് നിരോധനം; ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി

സ്വകാര്യ കോളേജിലെ ഹിജാബ് നിരോധനം; ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി
സ്വകാര്യ കോളേജിലെ ഹിജാബ് നിരോധനം; ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി: സ്വകാര്യ കോളേജിലെ ഹിജാബ് നിരോധനം ശരിവെച്ച മുംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. മുംബൈയിലെ എൻ.ജി. ആചാര്യ അൻഡ് ഡി.കെ മറാഠെ കോളേജിലെ വിദ്യാർഥിനികൾ നൽകിയ ഹർജിയിലാണ് വിധി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാർ എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചാണ് ഹർജിയിൽ വാദം കേട്ടത്.

ക്യാമ്പസിനകത്ത് വിദ്യാർഥിനികൾ ഹിജാബ്, ബുർഖ, തൊപ്പി, ഷാൾ, ബാഡ്ജ് തുടങ്ങിയവ ധരിക്കരുതെന്ന കോളേജ് നിർദേശം മുംബൈ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെത്തുടർന്ന് കോളേജിലെ ഒൻപത് വിദ്യാർഥിനികൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വാദം കേട്ട സുപ്രീംകോടതി ക്യാമ്പസിനകത്ത് ഹിജാബ്, തൊപ്പി, ബാഡ്ജുകൾ ധരിക്കാം എന്ന് ഉത്തരവിട്ടു. എന്നാൽ വിധി ദുരുപയോഗം ചെയ്യപ്പെടില്ല എന്ന് വിശ്വസിക്കുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു.

കോളേജിന് വേണ്ടി മുതിർന്ന അഭിഭാഷക മാധവി ദിവാൻ ഹാജരായി. ഹർജിക്കാർ ആവശ്യപ്പെട്ടതുപോലെ ഹിജാബ്, ബുർഖ തുടങ്ങിയവ ധരിക്കാൻ കോളേജിൽ അനുമതി നൽകിയാൽ മറ്റു വിദ്യാർഥികൾ കാവി ഷാൾ ധരിച്ച് ക്യാമ്പസിൽ എത്തുമെന്നും ഇത് രാഷ്ട്രീയപരമായി മാറുമെന്നും അത്തരത്തിൽ ഒന്ന് സംഭവിക്കാൻ പാടില്ലെന്നും മാധവി ദിവാൻ പറഞ്ഞു. എന്നാൽ വിദ്യാർഥികൾ പൊട്ടോ കുറിയോ തൊടുന്നത് നിങ്ങൾ തടയുമോ എന്ന് സുപ്രീം കോടതി തിരിച്ചു ചോദിച്ചു.

പെൺകുട്ടികൾ ആഗ്രഹിക്കുന്നത് അവർ ധരിക്കട്ടെ. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വർഷം കഴിഞ്ഞിട്ടും ഇത്തരത്തിൽ ഒരു നിരോധനത്തെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നു എന്നത് ദൗർഭാഗ്യകരമാണ്‌ ജസ്റ്റിസ് സഞ്ജയ് കുമാർ പറഞ്ഞു. വിദ്യാർഥികളുടെ മതം അറിയാതിരിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു നീക്കം കോളേജിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്ന് അഭിഭാഷക വാദിച്ചു. എന്നാൽ പേരുകളിൽ കൂടി മതം മനസ്സിലാകില്ലേ എന്ന് ചോദിച്ച സുപ്രീം കോടതി ഇത്തരത്തിലുള്ള നിയമങ്ങൾ അടിച്ചേൽപ്പിക്കരുതെന്നും പറഞ്ഞു.

Top