ന്യൂഡല്‍ഹി: പട്ടികജാതി, പട്ടികവര്‍ഗ സംവരണത്തിനും മേല്‍ത്തട്ട് ബാധകമാക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശത്തിനെതിരെ പുനഃപരിശോധന ഹരജി നല്‍കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ദലിത് ആന്‍ഡ് ആദിവാസി ഓര്‍ഗനൈസേഷന്‍സ് ചെയര്‍മാന്‍ അശോക് ഭാരതി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
കോടതിയുടെ നിരീക്ഷണം സാമൂഹിക യാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെടുന്നതല്ല. സുപ്രീംകോടതി വിധിക്കെതിരെ ആഗസ്റ്റ് 21ന് രാജ്യവ്യാപക പ്രതിഷേധത്തിനും സംഘടനകള്‍ ആഹ്വാനം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ജാതി വിവരങ്ങള്‍ ഉടന്‍ പുറത്തുവിടണമെന്നും പട്ടികജാതി-പട്ടികവര്‍ഗക്കാരുടെ അവസ്ഥ മനസ്സിലാക്കാന്‍ ഒരു കമ്മീഷനെ നിയമിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.
സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവ് ആദിവാസികളുടെ ഭരണഘടനപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും സംഘടന കുറ്റപ്പെടുത്തി. ഹിന്ദുരാഷ്ട്രം സൃഷ്ടിക്കുന്നതിനെക്കുറിച്ചാണ് മോദി സര്‍ക്കാര്‍ സംസാരിക്കുന്നത്. എന്നാല്‍, എസ്.സി, എസ്.ടി, ഒ.ബി.സി തുടങ്ങിയ വിഭാഗങ്ങളോട് വിവേചനം തുടരുകയാണ്. ബി.ജെ.പിയുടെ ഹിന്ദുരാഷ്ട്രം യഥാര്‍ഥത്തില്‍ സവര്‍ണ രാഷ്ട്രമാണ്. അത് അധഃസ്ഥിതരോട് നീതി പുലര്‍ത്തുന്നില്ലെന്നും ഭാരതി കുറ്റപ്പെടുത്തി.