‘തൃശൂര്‍ പൂരം കലക്കിയത് സര്‍ക്കാര്‍’: കെ.സുരേന്ദ്രന്‍

സുരേഷ് ഗോപി ഓടിയെത്തിയതിനെയാണ് സതീശനും സിപിഐയും കുറ്റം പറയുന്നത്.

‘തൃശൂര്‍ പൂരം കലക്കിയത് സര്‍ക്കാര്‍’: കെ.സുരേന്ദ്രന്‍
‘തൃശൂര്‍ പൂരം കലക്കിയത് സര്‍ക്കാര്‍’: കെ.സുരേന്ദ്രന്‍

തൃശൂര്‍: പൊലീസിനെയും മറ്റു ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് സര്‍ക്കാരാണ് തൃശൂര്‍ പൂരം കലക്കിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പൂരം കലക്കിയതിനെതിരെ ഇപ്പോള്‍ പൊലീസ് എഫ്‌ഐആര്‍ ഇട്ടിരിക്കുകയാണ്. പേരില്ലാത്ത എഫ്‌ഐആര്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? പൂരത്തിന്റെ സമയക്രമം തെറ്റിക്കാന്‍ ശ്രമം നടത്തി. വെട്ടിക്കെട്ട് മനപൂര്‍വ്വം വൈകിച്ചു. എല്ലാം സര്‍ക്കാരിന്റെ വീഴ്ചയാണ്. എന്നാല്‍ ഈ കാര്യത്തില്‍ പിണറായിയെ വിഡി സതീശന്‍ പിന്തുണയ്ക്കുകയാണ്.

ആര്‍എസ്എസാണ് പൂരംകലക്കിയതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ആര്‍എസ്എസിനോ ബിജെപിക്കോ ഇതില്‍ ഒരു ബന്ധവുമില്ല. ആര്‍എസ്എസിനെ പറഞ്ഞാല്‍ ചില വോട്ടുകള്‍ കിട്ടുമെന്ന് വിചാരിച്ചാണ് സതീശന്‍ കള്ളം പറയുന്നത്. സുരേഷ് ഗോപി ഓടിയെത്തിയതിനെയാണ് സതീശനും സിപിഐയും കുറ്റം പറയുന്നത്. ലക്ഷക്കണക്കിന് ഭക്തര്‍ ആശങ്കയിലായപ്പോള്‍ ഓടിയെത്തിയതാണോ അദ്ദേഹം ചെയ്ത കുറ്റം. ഇടതുപക്ഷത്തിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ത്ഥികള്‍ അങ്ങോട്ട് വരാതെ കിടന്നുറങ്ങിയത് സുരേഷ് ഗോപിയുടെ കുറ്റമാണോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

Also Read: യു ആർ ഔട്ട് മിസ്റ്റർ ‘ടെൻ ഹാഗ് ! മാഞ്ചസ്റ്റർ പരിശീലക സ്ഥാനത്തുനിന്ന് ഹാഗിനെ പുറത്താക്കി

മുനമ്പത്ത് വഖഫ് നിയമത്തിന്റെ പേരില്‍ തീരദേശവാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിന് എല്‍ഡിഎഫും യുഡിഎഫും പിന്തുണ നല്‍കുകയാണ്. ഇതിനെതിരെ കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപിക രംഗത്ത് വന്നിരിക്കുകയാണ്. വോട്ട് ബാങ്കിന് വേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് ബില്ലിനെതിരെ നിയമസഭയില്‍ ഐക്യകണ്‌ഠേന പ്രമേയം അവതരിപ്പിച്ച ഭരണ-പ്രതിപക്ഷങ്ങള്‍ മുനമ്പത്തെ പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുകയാണ്.

നിലവിലുള്ള വഖഫ് നിയമം രാജ്യത്തെ നിരവധി പ്രദേശങ്ങളില്‍ വഖഫ് ബോര്‍ഡിന് അധിനിവേശം നടത്താനുള്ള സ്വാതന്ത്ര്യം നല്‍കുന്നതാണ്. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്. എന്നാല്‍ യുഡിഎഫും എല്‍ഡിഎഫും പ്രീണന രാഷ്ട്രീയത്തിന് വേണ്ടി ഇതിനെ തുരങ്കംവെക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top