തൃശ്ശൂര്‍: ഈസ്റ്റര്‍ ദിനത്തില്‍ ഉയര്‍പ്പിന്റെ സന്ദേശം നല്‍കുന്ന ഗാനം പുറത്തിറക്കി നടനും തൃശ്ശൂരിലെ NDA സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി. ഭാര്യ രാധികയാണ് സുരേഷ് ഗോപിക്കൊപ്പം നന്ദിയാല്‍ പാടുന്നു എന്ന ഗാനം ആലപിച്ചിരിക്കുന്നത്. സംഗീത ലോകത്ത് തനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫാദര്‍ ഡോ. ജോയല്‍ പണ്ടാരപ്പറമ്പില്‍ എഴുതിയ വരികള്‍ക്കാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും ശബ്ദം നല്‍കിയത്. യേശുക്രിസ്തുവിന്റെ പീഡാനുഭവവും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സന്ദേശവും വിവരിക്കുന്നതാണ് 5 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനം.
ജേക്‌സ് ബിജോയ് ആണ് ഗാനത്തിന് ഈണം നല്‍കിയത്. ഈസ്റ്റര്‍ ഗാനം പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അരുവിത്തുറ സെ.ജോര്‍ജ് പള്ളി, കുറവിലങ്ങാട് മാര്‍ത്ത മറിയം ഫൊറോന പള്ളി എന്നിവിടങ്ങളില്‍ ക്വയറിന്റെ ഭാഗമായി ഗാനം ആലപിച്ചു.