മൂന്നാംവട്ടവും നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തുന്നതോടെ വമ്പൻ പൊളിച്ചെഴുത്തിനാണ് ബിജെപി പദ്ധതിയിടുന്നത്. ബിജെപി നേതൃത്വത്തിലും മന്ത്രിസഭയിലും വലിയ മാറ്റങ്ങൾ ഉണ്ടാകും. ദക്ഷിണേന്ത്യയ്ക്കും പ്രാധാന്യം നൽകും. നടൻ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കുമെന്നാണ് സൂചന. എന്നാൽ മന്ത്രിസ്ഥാനത്തിനൊപ്പം അഭിനയം തുടരാൻ അനുവദിക്കില്ല. പെരുമാറ്റത്തിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടി വരും. അനാവശ്യ സൗഹൃദ ബന്ധങ്ങൾ അവസാനിപ്പിക്കാനും ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെടും.
തൃശൂർ ഒരു ചവിട്ടു പടിയാക്കി 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 15 സീറ്റുകളിലെങ്കിലും വിജയിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. സുരേഷ് ഗോപിക്ക് മന്ത്രി സ്ഥാനം നൽകുന്നതും ഈ നീക്കത്തിൻ്റെ ഭാഗമാണ്. നിയമസഭയിൽ പരമാവധി സീറ്റുകൾ നേടിയാൽ കേരളത്തിലെ മുന്നണി സമവാക്യങ്ങൾ തകർക്കുവാൻ കഴിയുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്. ലോകസഭ തിരഞ്ഞെടുപ്പിൽ 2019 – മായി താരതമ്യപ്പെടുത്തുമ്പോൾ ഒരു ശതമാനത്തിൻ്റെ നഷ്ടമാണ് ഇടതുപക്ഷത്തിന് സംഭവിച്ചിരിക്കുന്നത്. എന്നാൽ യുഡിഎഫ് വോട്ട് ബാങ്കിൽ വലിയ ചോർച്ചയാണ് ഉണ്ടായിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിൻ്റെ സിറ്റിംഗ് സീറ്റുകളിൽ പ്രത്യേക ശ്രദ്ധ കൊടുത്താൽ എളുപ്പത്തിൽ അട്ടിമറി വിജയം സാധ്യമാകുമെന്നാണ് ബിജെപി നേതൃത്വത്തിൻ്റെ കണക്ക് കൂട്ടൽ.
ലോകസഭ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിലും തിരുവനന്തപുരത്തും വിജയിച്ചില്ലങ്കിലും ശക്തമായ മത്സരം കാഴ്ചവച്ചതിനാൽ വീണ്ടും കേന്ദ്രമന്ത്രി സ്ഥാനങ്ങൾ വി മുരളീധരനും രാജീവ് ചന്ദ്രശേഖറും ആഗ്രഹിക്കുന്നണ്ട്. കെ. സുരേന്ദ്രനാകട്ടെ കേന്ദ്രമന്ത്രി പദമല്ലങ്കിൽ വീണ്ടും സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് ഒരവസരമാണ് പ്രതീക്ഷിക്കുന്നത്. ഇവരിൽ ആർക്ക് മന്ത്രിയാകണമെങ്കിലും രാജ്യസഭയിലേക്ക് ഏതെങ്കിലും സംസ്ഥാനത്ത് നിന്നും തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. അതു കൊണ്ട് തന്നെ സുരേഷ് ഗോപിക്ക് പുറമെ മറ്റാരെ പരിഗണിക്കുമെന്നത് കണ്ടു തന്നെ അറിയേണ്ട കാര്യമാണ്. ആലപ്പുഴയിൽ വോട്ടുകൾ കുത്തനെ വർദ്ധിപ്പിച്ച ശോഭാ സുരേന്ദ്രനും ഇത്തവണ പദവികൾ ആഗ്രഹിക്കുന്നുണ്ട്. അതേസമയം രാജിവ് ചന്ദ്രശേഖറിനെ വീണ്ടും ബിജെപി മന്ത്രിസഭയിലേക്ക് പരിഗണിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വലിയ മാധ്യമ ശ്യംഘലയുടെ ഉടമ കൂടി ആയതിനാൽ നരേന്ദ്ര മോദിക്കും രാജീവ് ചന്ദ്രശേഖറിനോട് പ്രത്യേക താൽപ്പര്യമുണ്ട്.
ബിജെപി ദക്ഷിണേന്ത്യയിൽ കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റൊരു നേതാവ് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈയെ ആണ്. വിജയിച്ചില്ലങ്കിലും തമിഴ്നാട്ടിൽ ബിജെപിയുടെ വോട്ടുകൾ കുത്തനെ വർദ്ധിച്ചിട്ടുണ്ട്. ഇതും അണ്ണാമലൈയ്ക്ക് അനുകൂലമായ ഘടകമാണ്. കേരളത്തിലെ പോലെ തന്നെ 2026-ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. കർണ്ണാടകയിൽ നിന്നും ബിജെപി ഇത്തവണ പ്രധാനമായും പരിഗണിക്കുക തേജസി സൂര്യയെ ആയിരിക്കും. യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ കൂടിയായ തേജസി സൂര്യ മോദിക്കും ആർഎസ്എസിനും ഒരുപോലെ വേണ്ടപ്പെട്ട നേതാവാണ്. ബിജെപി മികച്ച പ്രകടനം കാഴ്ച വച്ച തെലങ്കാനയിൽ നിന്നും ഇത്തവണ ഒന്നിൽ കൂടുതൽ കേന്ദ്രമന്ത്രിമാർ ഉണ്ടാകുമെന്നാണ് സൂചന.
കേന്ദ്ര ഭരണം സുഗമമായി മുന്നോട്ട് കൊണ്ടു പോകാൻ ഇന്ത്യാ സഖ്യത്തിലെ ഘടക കക്ഷികളെ അടർത്തി മാറ്റാനും ബിജെപി ഇനി മുതൽ ശ്രമിക്കും. മോദി സർക്കാർ അധികാരമേറ്റാൽ ഉടൻ സംഭവിക്കാൻ പോകുന്നതും, അതു തന്നെയാണ്. പ്രത്യയ ശാസ്ത്രപരമായ കെട്ടുറപ്പില്ലാത്ത മുന്നണി ആയതിനാൽ എളുപ്പത്തിൽ ഇന്ത്യാ മുന്നണിയെ പിളർത്താൻ കഴിയുമെന്നാണ് ബിജെപി നേതൃത്വം കണക്ക് കൂട്ടുന്നത്. ഇതോടൊപ്പം തന്നെ എൻഡിഎ ഘടക കക്ഷികളായ ജെഡിയുവിനെയും ടിഡിപിയെയും വിശ്വസിക്കാൻ പറ്റാത്തതിനാൽ ഈ പാർട്ടികളിലെ എംപിമാരെ പിളർത്തി ഒപ്പം നിർത്താനും ബിജെപി ശ്രമിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. ശിവസേനയെയും എൻസിപിയെയും പിളർത്തിയ ചരിത്രം പരിശോധിക്കുമ്പോൾ ഒരു സാധ്യതയും തള്ളിക്കളയാൻ കഴിയുന്നതല്ല.
EXPRESS KERALA VIEW