കാസർഗോഡ്: സിനിമാ വിവാദത്തിൽ പ്രതികരണം തേടിയ മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായ സുരേഷ് ഗോപിയെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഓർമ്മയുണ്ടോ ഈ മുഖം എന്ന് ചോദിച്ച, ജസ്റ്റ് റിമെംബർ ദാറ്റ് എന്ന് പറഞ്ഞ ആക്ഷൻ ത്രില്ലർ ഹീറോ ആണെന്നാണ് സുരേഷ് ഗോപി സ്വയം ചിന്തിക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു.
സുരേഷ് ഗോപി ഇന്ന് ജനപ്രതിനിധിയാണ്. സമൂഹത്തിൽ പ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട അന്തസുണ്ട്. അത് പാലിക്കണം. അത് മറന്നു പെരുമാറുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Also read: സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍
തൃശൂർ രാമനിലയത്തിൽ വെച്ചായിരുന്നു സുരേഷ് ഗോപി മാധ്യമങ്ങൾക്ക് നേരെ തിരിഞ്ഞത്. മാധ്യമ പ്രവർത്തകരെ തള്ളി മാറ്റിയ അദ്ദേഹം മൈക്ക് തട്ടികളയുകയായിരുന്നു. ജനങ്ങൾക്കറിയാനുള്ള ചോദ്യമാണ് തങ്ങൾ ഉന്നയിക്കുന്നത് എന്ന് പറഞ്ഞപ്പോൾ സൗകര്യമില്ല എന്നായിരുന്നു മറുപടി. സംഭവത്തിൽ സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കെയുഡബ്ല്യുജെ ആവശ്യപ്പെട്ടു.