CMDRF

‘സുരേഷ് ഗോപിക്ക് മന്ത്രി സ്ഥാനം നല്‍കിയത് പ്രധാനമന്ത്രി’: കെ സുരേന്ദ്രന്‍

‘സുരേഷ് ഗോപിക്ക് മന്ത്രി സ്ഥാനം നല്‍കിയത് പ്രധാനമന്ത്രി’: കെ സുരേന്ദ്രന്‍
‘സുരേഷ് ഗോപിക്ക് മന്ത്രി സ്ഥാനം നല്‍കിയത് പ്രധാനമന്ത്രി’: കെ സുരേന്ദ്രന്‍

ദില്ലി: കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തിന് അര്‍ഹമായ പരിഗണന കിട്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രണ്ട് മന്ത്രിമാരെ പ്രധാനമന്ത്രി തന്നത് വലിയ സഹായമാകും. കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്ന് ചില ശക്തികളും മാധ്യമങ്ങളും പ്രചരിപ്പിച്ചുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി ദില്ലിയെത്തിയപ്പോഴാണ് സുരേന്ദ്രന്റെ പ്രതികരണം.

ഇരുമുന്നണികളുടെയും വോട്ട് ബാങ്കില്‍ ചോര്‍ച്ചയുണ്ടായി. സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലെ വോട്ടുകള്‍ ബിജെപിക്ക് കിട്ടി. പിണറായി നടത്തിയ മുസ്ലീം പ്രീണനം യുഡിഎഫിനെ സഹായിച്ചുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപിക്ക് മന്ത്രി സ്ഥാനം നല്‍കിയത് പ്രധാനമന്ത്രിയാണ്. സംസ്ഥാന നേതൃത്വം അറിയേണ്ട കാര്യമില്ല. അതില്‍ തനിക്ക് റോളില്ല. നടപടിക്രമങ്ങള്‍ എങ്ങനെയെന്ന് മാധ്യമങ്ങള്‍ മനസിലാക്കണം. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

അതിനിടെ, സഹമന്ത്രി പദവി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ട് ബിജെപി കേന്ദ്ര നേതാക്കളെ അറിയിച്ചിരിക്കുകയാണ് സുരേഷ് ഗോപി. ഏറ്റെടുത്ത സിനിമ പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കണമെന്നാണ് സുരേഷ് ഗോപി കേന്ദ്ര നേതാക്കളെ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഉന്നത നേതാക്കള്‍ സുരേഷ് ഗോപിയുമായി സംസാരിച്ചേക്കും.

കേന്ദ്രമന്ത്രിസഭയില്‍ അര്‍ഹമായ പരിഗണന ലഭിക്കാതെ പോയതില്‍ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. തൃശ്ശൂരില്‍ മിന്നും വിജയം നേടി ബിജെപി കേരളത്തില്‍ ലോക്‌സഭാ അക്കൗണ്ട് തുറന്നിട്ടും സഹമന്ത്രി സ്ഥാനം മാത്രം നല്‍കിയതിലാണ് സുരേഷ് ഗോപിക്ക് അതൃപ്തി. കേരളത്തിലെ മിന്നും ജയത്തില്‍ അര്‍ഹമായ പരിഗണന കിട്ടിയില്ലെന്നാണ് സുരേഷ് ഗോപിയോട് അടുത്ത വൃത്തങ്ങളും പ്രതികരിച്ചത് എന്നാണ് വിവരം. അതേസമയം, സിനിമയില്‍ അഭിനയിക്കാനുള്ള സൗകര്യം കണക്കില്‍ എടുത്താണ് സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനം നല്‍കിയതെന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന വിശദീകരണം. സുരേഷ് ഗോപി സാംസ്‌കാരിക മന്ത്രാലയത്തിലേക്കെന്നാണ് സൂചന.

തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തോടെയാണ് കേരളത്തില്‍ ലോക്‌സഭയിലേക്ക് ബിജെപി അക്കൗണ്ട് തുറന്നത്. മോദിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സുരേഷ് ഗോപി കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചിരുന്നു. എന്നാല്‍ ലഭിച്ചത് സ്വതന്ത്ര ചുമതലയില്ലാത്ത സഹമന്ത്രി സ്ഥാനം മാത്രമാണ്. സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തില്‍ ക്രൈസ്തവ സമൂഹത്തില്‍ നിന്ന് കിട്ടിയ പിന്തുണക്കുള്ള മറുപടിയായി ജോര്‍ജ് കുര്യനും സഹ മന്ത്രിസ്ഥാനം ലഭിച്ചു. തൃശൂരില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും തറപറ്റിച്ച് നേടിയ വിജയത്തിന്റെ മാധുര്യത്തില്‍ കല്ലുകടിയാകുകയാണ് സുരേഷ് ഗോപിയുടെ അതൃപ്തി.

Top